ഡെറാഡൂണ്‍: സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും സ്വകാര്യ സ്കൂളുകളിലും മൂന്ന് മുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കാനൊരുങ്ങി ഉത്തരാഖണ്ഡ് സര്‍ക്കാര്‍. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി അരവിന്ദ് പാണ്ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

സംസ്കൃതം ദേവഭാഷയാണ്. ഭാരതത്തിന്‍റെ സംസ്കാരത്തില്‍ സംസ്കൃത ഭാഷയുടെ പ്രാധാന്യം അംഗീകരിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് തന്നെ പുതിയ തലമുറയും സംസ്കൃതം പഠിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഐസിഎസ് സി പോലുള്ള ബോര്‍ഡുകള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്കൂളുകളില്‍ സംസ്കൃത പഠനം നിര്‍ബന്ധമാക്കിയില്ലെങ്കില്‍ അത് തടയാനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പാഠ്യപദ്ധതി ഉടന്‍ തന്നെ തയ്യാറാക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി മീനാക്ഷി സുന്ദരം അറിയിച്ചതായി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഹിന്ദി കുമൗണി ഗഢ്‍വാളി ജൗന്‍സരി എന്നീ നാല് ഭാഷകളാണ്  ഉത്തരാഖണ്ഡില്‍ പ്രധാനമായും ഉപയോഗിച്ചു വരുന്നത്. ഇതില്‍ 45 ശതമാനം ആളുകളും സംസാരിക്കുന്നത് ഹിന്ദിയാണ്. ഇതിന് പുറമെ ഉര്‍ദു, പഞ്ചാബി, ബംഗാളി, നേപ്പാളി, മൈഥിലി എന്നിങ്ങനെ മറ്റ് ഭാഷകളും സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ പ്രചാരത്തിലുണ്ട്.