Asianet News MalayalamAsianet News Malayalam

'പൗരത്വ നിയമ ഭേദ​ഗതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പ് ഉടൻ ആരംഭിക്കും':ബിജെപി മന്ത്രി മദൻ കൗശിക്

മതപീഡനം ഭയന്ന് പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത മുസ്ലീം വിഭാ​ഗത്തിൽ പെടാത്ത അഭയാർത്ഥികൾക്ക് പൗരത്വ നിയമ ഭേദ​ഗതി പ്രകാരം പൗരത്വം നൽകും. 

Uttarakhand will soon start process of implementing caa says minister Madan Kaushik
Author
Uttarakhand, First Published Jan 18, 2020, 1:15 PM IST

ഉത്തരാഖണ്ഡ്: സംസ്ഥാനത്ത് പൗരത്വ നിയമ ഭേദ​ഗതി നടപ്പിലാക്കാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി മദൻ കൗശിക്. ഇതിനായി പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർത്ഥികളെ കണ്ടെത്താനും ആരംഭിച്ചു കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായി അയൽസംസ്ഥാനമായ ഉത്തർപ്രദേശ് 32000 അഭയാർത്ഥികളുടെ പട്ടിക കേന്ദ്രത്തിന് നൽകിയതിന് ശേഷമാണ് ഉത്തരാഖണ്ഡ് ഈ തീരുമാനം കൈക്കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

''നിയമാനുസൃതമായ ഇന്ത്യൻ പൗരത്വം ലഭ്യമാക്കുന്നതിന് വേണ്ടി അഭയാർത്ഥികളെ കണ്ടത്തി, പൗരത്വ നിയമ ഭേദ​ഗതി സംസ്ഥാനത്ത് നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സർക്കാർ ഉടൻ തന്നെ ആരംഭിക്കും. നിയമപ്രകാരം അപേക്ഷ നൽകുന്ന ഏതൊരു  അഭയാർത്ഥിക്കും തീർച്ചയായും പൗരത്വം നൽകും.'' മദൻ കൗശിക് വെളിപ്പെടുത്തിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

പൗരത്വ നിയമ ഭേ​ദ​ഗതി വിഷയത്തിൽ നിരവധി ബോധവത്ക്കരണ പരിപാടികൾ ബിജെപി സംസ്ഥാനത്ത് സംഘടിപ്പിച്ചിരുന്നു. കൂടാതെ ഡിസംബർ 30 മുതൽ ജനുവരി 14 വരെയുള്ള കാലയളവിൽ 13 പത്രസമ്മേളനങ്ങളും വിളിച്ചു ചേർത്തിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾ, സംസ്ഥാന മുഖ്യമന്ത്രി ത്രിവേന്ദ്ര സിം​ഗ് റാവത്ത്, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക്, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂർ, എംപി അജയ് ഭട്ട് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. മാത്രമല്ല, മൂന്നൂറിലധികം റാലികളും സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചിരുന്നു. 

മതപീഡനം ഭയന്ന് പാകിസ്ഥാൻ, അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് പലായനം ചെയ്ത മുസ്ലീം വിഭാ​ഗത്തിൽ പെടാത്ത അഭയാർത്ഥികൾക്ക് പൗരത്വ നിയമ ഭേദ​ഗതി പ്രകാരം പൗരത്വം നൽകും. സ്വാഭാവികമായി പൗരത്വം ലഭിക്കാൻ അർഹതയുള്ളവർക്കെല്ലാം പൗരത്വം ലഭിക്കുമെന്നും നേതാക്കൾ വ്യക്തമാക്കുന്നു. എന്നാൽ പൗരത്വ നിയമ ഭേദ​ഗതി ഭരണഘടനാ വിരു​ദ്ധമാണെന്നും മതത്തിന്റെ പേരിൽ ജനങ്ങളെ വേർതിരിക്കുകയാണെന്നും ആരോപിച്ച് രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. 

 

Follow Us:
Download App:
  • android
  • ios