ദില്ലി: അയോധ്യ കേസിന്‍റെ വിധി വന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍. 'പ്രക്ഷോഭം നയിച്ചവർ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നു എന്നാണ് ബിജെപി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെ മുരളീധരന്‍ വിശേഷിപ്പിച്ചത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതയും അയോധ്യ വിധിയുമാണ് അദ്ദേഹം എടുത്തു കാണിക്കുന്നത്.

ആർട്ടിക്കിൾ 370 റദ്ദാക്കാൻ നരേന്ദ്ര മോദി സമരം ചെയ്യുന്നതിന്‍റെയും  രാമക്ഷേത്രത്തിനായി പ്രചാരണം നടത്തിയതിന്‍റെയും ചിത്രങ്ങളും അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിലര്‍ വരുമ്പോള്‍ ചരിത്രം പിറക്കുമെന്നും ചരിത്രം കുറിക്കാന്‍ ചങ്കുറപ്പുള്ള നേതാവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മുരളീധരന്‍ നരേന്ദ്ര മോദിക്ക് വിശേഷണം നല്‍കുന്നുമുണ്ട്.

വി മുരളീധരന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ചിലർ വരുമ്പോൾ ചരിത്രം പിറക്കും..! ചരിത്രം കുറിക്കാൻ ചങ്കുറപ്പുള്ള നേതാവ്... വാഗ്ദാനങ്ങൾ പാലിക്കാനുള്ളതാണ്. പ്രക്ഷോഭം നയിച്ചവർ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കാൻ സമരം ചെയ്തു.. രാമക്ഷേത്രത്തിനായി പ്രചാരണം നടത്തി.. പറഞ്ഞതെല്ലാം നടപ്പാക്കി നരേന്ദ്ര മോദി സർക്കാർ..! #Delivered_What_Promised #Article_370 #Ram_Mandir #Narendra_Modi