Asianet News MalayalamAsianet News Malayalam

വാക്‌സിന്‍ അടുത്ത വര്‍ഷത്തില്‍; എല്ലാവരിലും എത്താന്‍ വൈകിയേക്കും: കേന്ദ്ര സര്‍ക്കാര്‍

കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്രം പൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. രോഗത്തെ നേരിടുന്നതിനുള്ള 'സുവര്‍ണമാസങ്ങള്‍' സര്‍ക്കാര്‍ പാഴാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. 
 

Vaccine by next year, but will take time to reach all; says Union Government
Author
New Delhi, First Published Sep 17, 2020, 5:23 PM IST

ദില്ലി: കൊവിഡ് 19നെതിരെയുള്ള വാക്‌സിന്‍ അടുത്ത വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ലഭ്യമാകുമെങ്കിലും എല്ലാവരിലേക്കും എത്താന്‍ കൂടുതല്‍ സമയമെടുക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍. നിലവില്‍ സാമൂഹിക അകലവും മാസ്‌ക് അടക്കമുള്ള മുന്‍കരുതലുമാണ് ഫലപ്രദമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിന്‍ ലഭ്യതയും ചെലവും കണ്ടുപിടിക്കലും സംബന്ധിച്ച് രാജ്യസഭയില്‍ അംഗങ്ങള്‍ ഉയര്‍ത്തിയ ചോദ്യത്തിന് മറുപടിയായാണ് ആരോഗ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പ്രതിപക്ഷ ആരോപണവും ആരോഗ്യമന്ത്രി തള്ളി. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത തുടക്കത്തില്‍ തന്നെ രോഗം പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സര്‍ക്കാര്‍ സ്വീകരിച്ചെന്ന് മന്ത്രി വ്യക്തമാക്കി. ജനുവരി എട്ടിന് തന്നെ വിദഗ്ധരുമായി ചര്‍ച്ച ചെയ്തു. ജനുവരി 20ന് ചൈനയില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കാണ് രോഗം ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് 162 കോണ്‍ടാക്ടുകളും കണ്ടെത്തിയെന്ന് മന്ത്രി വ്യക്തമാക്കി.

യാതൊരു വിവേചനവുമില്ലാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും ലാബ്, പിപിഇ കിറ്റ്, പരിശോധന കിറ്റ് എന്നിവ നല്‍കിയെന്നും മന്ത്രി പറഞ്ഞു. കുടിയേറ്റ തൊഴിലാളികളുടെ പ്രശ്‌നവും പരിഹരിച്ചു. 64 ലക്ഷം കുടിയേറ്റ തൊഴിലാളികള്‍ക്ക് ട്രെയിന്‍, ബസ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കി. അടുത്ത വര്‍ഷത്തോടെ വാക്‌സിന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ലോകാരോഗ്യസംഘടന അടക്കമുള്ള എല്ലാ സംഘടനകളുമായും സഹകരിക്കുന്നുണ്ടെന്നും ലോകത്തെ ഏറ്റവും കുറഞ്ഞ കൊവിഡ് മരണനിരക്ക് ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു. 

കൊവിഡിനെ നേരിടുന്നതില്‍ കേന്ദ്രം പൂര്‍ണപരാജയമാണെന്ന് പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. രോഗത്തെ നേരിടുന്നതിനുള്ള 'സുവര്‍ണമാസങ്ങള്‍' സര്‍ക്കാര്‍ പാഴാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios