പാല്‍ഘര്‍(മുംബൈ): രാഷ്ട്രീയ നാടകങ്ങള്‍ സജീവമായി അരങ്ങേറുമ്പോള്‍ ഇതിലൊന്നും ഭാഗമാകാതെ കര്‍ഷകര്‍ക്കൊപ്പം സാധാരണ ജീവിതം നയിക്കുകയാണ് മഹാരാഷ്ട്രയിലെ ഈ എംഎല്‍എ. എന്‍സിപി നേതാക്കളുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ആവശ്യം ഉയര്‍ത്തി ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായ സംഭവങ്ങള്‍ സുപ്രീം കോടതി പരിഗണിക്കുമ്പോള്‍ ഇതിലൊന്നും ഭാഗമാകാതെ  മണ്ഡലത്തില്‍ സജീവമാണ് മഹാരാഷ്ട്രയിലെ ഏറ്റവും ദരിദ്രനായ ഈ എംഎല്‍എ.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലെ ദഹാനു മണ്ഡലത്തില്‍ നിന്നുള്ള സിപിഐഎം എംഎല്‍എയായ വിനോദ് നിക്കോളെയാണ് രാഷ്ട്രീയ നാടകങ്ങളില്‍ നിന്ന് മാറി കര്‍ഷകര്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്ന തീവ്രശ്രമങ്ങളില്‍ സജീവമായിട്ടുള്ളത്. മഹാരാഷ്ട്രയില്‍ സിപിഐഎം നേടിയ ഏക സീറ്റും പാല്‍ഘറിലെ ദഹാനു മണ്ഡലമാണ്. ബിജെപി സ്ഥാനാര്‍ത്ഥിയെ 4742 വോട്ടുകള്‍ക്കാണ് വിനോദ് നിക്കോളെ ഇവിടെ തോല്‍പ്പിച്ചത്. 

എംഎല്‍എയാവുന്നതിന് മുന്‍പ് വട പാവ് വില്‍പനക്കാരനായിരുന്നു ഈ നാല്‍പ്പത്തിയെട്ടുകാരന്‍. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള 288 എംഎല്‍എമാരില്‍ ഏറ്റവും ദരിദ്രനും വിനോദാണ്. 58082 രൂപയാണ് വിനോദ് നിക്കോളെയുടെ സമ്പാദ്യം. മഹാരാഷ്ട്രയിലെ താനെയിലെ സിഐടിയു, ഡിവൈഎഫ്ഐയിലും സജീവ പങ്കാളിത്തമുള്ള വ്യക്തിയായിരുന്നു വിനോദ്. 

കഴിഞ്ഞ വര്‍ഷം  നാസിക്കില്‍ നിന്ന് 40000ല്‍ അധികം കര്‍ഷകരെ  ഉള്‍പ്പെടുത്തി നടത്തിയ 200 കിലോമീറ്റര്‍ താല്‍നടയാത്രയുടെ ഭാഗമായിരുന്നു വിനോദ്. പോഷകാഹാരക്കുറവും ആശുപത്രി സേവനങ്ങളുടെ പോരായ്മയുമാണ് മണ്ഡലത്തിലെ ഏറ്റവും വലിയ പോരായ്മയെന്ന് വിനോദ് വിശദമാക്കുന്നു. ശരിയായ രീതിയുള്ള അടിസ്ഥാന സൗകര്യങ്ങളും മണ്ഡലത്തിലില്ലെന്നും വിനോദ് കൂട്ടിച്ചേര്‍ക്കുന്നു. കര്‍ഷകരും ആദിവാസി സമൂഹങ്ങളുമാണ് മണ്ഡലത്തിലെ ഭൂരിപക്ഷമാളുകളും. 

ദഹാനു മണ്ഡലത്തിലെ ആദിവാസികള്‍ക്കിടയില്‍ വനസംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമാണ് വിനോദ് നിക്കോളെ. രണ്ട് കുട്ടികളും ഭാര്യയുമൊത്ത് മണ്ഡലത്തില്‍ തന്നെയാണ് വിനോദ് നിക്കോളെ താമസിക്കുന്നതും. കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാള്‍ കൂടിയാണ് വിനോദ്. കൃഷി വലിയ രീതിയില്‍ നഷ്ടമായതോടെയാണ് വിനോദ് വട പാവ് വില്‍പനക്കാരനായത്. 2005 മുതല്‍ സിപിഐഎമ്മിന്‍റെ സജീവ പ്രവര്‍ത്തകനാണ് വിനോദ് നിക്കോളെ.