എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമെന്നും കേരളത്തിന് നേരത്തെ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവ​ദിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ദില്ലി: വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയിൽമന്ത്രി അശ്വിനി വൈഷ്ണവ്. എല്ലാ സംസ്ഥാനങ്ങൾക്കും വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമെന്നും കേരളത്തിന് നേരത്തെ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവ​ദിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കേരളത്തിനും അനുവദിക്കുമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി എപ്പോൾ അനുവദിക്കുമെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല. വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിൻ എല്ലാ സംസ്ഥാനങ്ങള്‍ക്കും നൽകാനാണ് ശ്രമിക്കുന്നതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. ന്യൂദില്ലി റെയിൽവേ സ്റ്റേഷനിൽ എത്തിച്ച വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഇന്ന് കേന്ദ്രമന്ത്രി സന്ദ‍ർശിച്ചു. 

കൊൽക്കത്ത -ഗുവാഹത്തി റൂട്ടിൽ ഈമാസം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആദ്യ സർവീസ് ഉദ്ഘാടനം ചെയ്യുക. നിയമസഭ തെരഞ്ഞെടുപ്പ് ബംഗളാളിലും അസമിലും അടുത്തിരിക്കെയാണ് ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുന്നത്. അസമിലെ രണ്ടും ബംഗാളിലെ ഏഴും ജില്ലകളിലൂടെയാണ് സർവീസ്. ബുള്ളറ്റ് ട്രെയിൻ അടുത്ത വർഷം സ്വാതന്ത്ര്യദിനത്തിൽ സജ്ജമാകുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. പുതുവത്സര ദിനത്തിലാണ് റെയിൽവെയുടെ വമ്പൻ പദ്ധതികള്‍ കേന്ദ്ര മന്ത്രി പ്രഖ്യാപിച്ചത്. ആയിരം കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര യാത്രയ്ക്കാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ. 180 കിമീ വരെ വേഗതയിൽ പായുന്ന വന്ദേഭാരത് സ്ലീപ്പർ ഡിസൈൻ ചെയ്തും നിർമ്മിച്ചതും ഇന്ത്യയിൽ തന്നെയാണ്.

മാസങ്ങൾക്കകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളാണ് പശ്ചിമ ബംഗാളും അസമും. ഈ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യ സർവീസിന്‍റെ ഫ്ലാഗ് ഓഫ് വൻ ആഘോഷമാക്കാനാണ് കേന്ദ്ര നീക്കം. 2300 രൂപയാണ് ടിക്കറ്റ് നിരക്ക്. കൊൽക്കത്ത -ഗുവാഹത്തി വിമാനയാത്ര നിരക്ക് ശരാശരി 8000 രൂപവരെയാണെന്നിരിക്കെ മധ്യവർഗക്കാരായ യാത്രക്കാരെ കണക്കിലെടുത്തുകൊണ്ടാണ് നിരക്ക് നിശ്ചയിച്ചതെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. ഒരു വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ 16 കോച്ചുകളാണുണ്ടാവുക. 

180 കിമീ വരെയാണ് പരമാവധി വേഗം. കവച് സുരക്ഷാ സംവിധാനം, ഓട്ടോമാറ്റിക് വാതിലുകൾ, എമർജൻസി ടാക്ക് ബാക്ക് സംവിധാനം, മികച്ച സസ്പെൻഷൻ, കുഷ്യൻ സീറ്റുകൾ എന്നിവയുൾപ്പെടെ ഒരുപിടി പ്രത്യേകതകളുള്ളതാണ് വന്ദേ ഭാരത് സ്ലീപ്പർ. രണ്ട് വന്ദേ ഭരത് സ്ലീപ്പർ ട്രെയിനുകൾ കൂടി ഉടൻ പ്രഖ്യാപിക്കും. ഈ വർഷം തന്നെ 12 ട്രെയിനുകളും ട്രാക്കിലെത്തും. കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പടുത്തിരിക്കെ വന്ദേ ഭാരത് സ്ലീപ്പർ തെക്കേ ഇന്ത്യയിലേക്കെത്തുമോയെന്നാണ് ആകാംഷയും നിലനിൽക്കുന്നുണ്ട്. അതേസമയം, തെരഞ്ഞെടുപ്പടുക്കവേ വന്ദേ ഭാരത് സ്ലീപ്പർ പ്രഖ്യാപിച്ചതിനെചൊല്ലി ബിജെപി - തൃണമൂൽ കോൺ​ഗ്രസ് വാക് പോരും രൂക്ഷമാണ്. നടപടിയെ ബിജെപി രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് തൃണമൂൽ കോൺ​ഗ്രസ് വിമർശിച്ചു. മമത ഭരണത്തിൽ ബം​ഗാളിൽ ഒരു വികസനം കടലാസിൽ മാത്രമാണെന്ന് ബിജെപി തിരിച്ചടിച്ചു.

YouTube video player