ഇൻഡോർ: ഒഴുക്കിൽ ഇം​ഗ്ലീഷ് സംസാരിക്കുന്ന പച്ചക്കറി വിൽപനക്കാരിയായ റെയ്സ അൻസാരി എന്ന സ്ത്രീയാണ് ഇപ്പോൾ ട്വിറ്ററിലെ വൈറൽ താരം. താൻ വർഷങ്ങളായി പച്ചക്കറി വിറ്റുകൊണ്ടിരുന്ന ഉന്തുവണ്ടി എടുത്തുമാറ്റാൻ അധികൃതർ എത്തിപ്പോൾ രോഷത്തോടെ സംസാരിക്കുകയാണ് ഇവർ. അതും ഒഴുക്കുള്ള, ഇം​ഗ്ലീഷിൽ. ഇൻഡോറിലെ ദേവി അഹല്യ സർവ്വകലാശാലയിൽ നിന്നും മെറ്റീരിയൽ സയൻസിൽ പിഎച്ച്ഡി നേടിയ വ്യക്തിയാണ് താൻ എന്ന് ഇവർ‌ പറയുന്നുണ്ട്. ന​ഗരത്തിന് മുനിസിപ്പൽ കോർപറേഷന് മുന്നിലാണ് ഇവർ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. 

റോഡ് സൈഡിൽ ഉന്തുവണ്ടിയിലാണ് ഇവർ പച്ചക്കറി വ്യാപാരം നടത്തിയിരുന്നത്. ഇത് ഒഴിപ്പിക്കാനാണ് അധികൃതർ എത്തിയത്. മുനിസിപ്പൽ അധികൃതർ പച്ചക്കറി വ്യാപാരികളെ വളരെയധികം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നും ഇവർ ആരോപിക്കുന്നു. വിദ്യാഭ്യാസത്തെക്കുറിച്ച് ചോദിച്ചപ്പോളാണ്  ഈ ബിസിനസിലേക്ക് എത്തുന്നതിന് മുമ്പ് താൻ റിസർച്ച് സ്കോളർ ആണ് എന്ന് റെയ്സ വെളിപ്പെടുത്തുന്നത്. 

കൊറോണ വൈറസ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇൻഡോറിലെ മാർക്കറ്റിലെ വ്യാപാരികൾ മിക്കവരും വരുമാനമില്ലാത്ത സാഹചര്യത്തിലാണ്. 'ചിലപ്പോൾ മാർക്കറ്റിലെ ഒരു വശം അടച്ചിട്ടിരിക്കും. അധികൃതരെത്തി ചിലപ്പോൾ മറുവശം കൂടി അടക്കും. പച്ചക്കറി വാങ്ങാൻ ആരും എത്തുന്നില്ല. കുടുംബം പോറ്റാൻ ‍ഞങ്ങൾ എന്തു ചെയ്യും? ഞാനിവിടെ പഴങ്ങളും പച്ചക്കറികളും വിൽക്കുകയാണ്. ഇവിടെയുള്ളവർ എന്റെ കുടുംബാം​ഗങ്ങളും സുഹൃത്തുക്കളുമാണ്. ഇരുപതോളം പേരാണുള്ളത്. ഇവരെങ്ങനെ കുടുംബം പോറ്റും? വിൽപനശാലകളിൽ തിരക്കില്ല. പക്ഷേ അധികൃതർ ഞങ്ങളോട് ഇവിടെ നിന്ന് മാറിപ്പോകാൻ പറയുന്നു.' റെയ്സ പറഞ്ഞു. 

എന്തുകൊണ്ടാണ് മറ്റൊരു നല്ല ജോലിക്ക് ശ്രമിക്കാത്തത് എന്ന ചോദ്യത്തിനും ആരാണ് ജോലി തരുന്നത് എന്നാണ് റെയ്സയുടെ മറുചോദ്യം. 
കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സാധാരണക്കാരായ ജനങ്ങൾ വൻ ദുരിതങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ബുധനാഴ്ച മാത്രം 118 പേർക്കാണ് ഇൻഡോറിൽ കൊവിഡ് 19 സ്ഥിരീകരിച്ചത്. 6457 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായിരിക്കുന്നത്.