ബെംഗളൂരു: മറ്റൊരു കുതിപ്പിന് തുടക്കമിടാന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷകളും പ്രാര്‍ത്ഥനകളം വിഫലമാക്കി പ്രമുഖ വ്യവസായി വിജി സിദ്ധാര്‍ത്ഥയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ വിരാമമാകുന്നത് ഇന്ത്യന്‍ വ്യവസായരംഗത്തെ വേറിട്ടൊരു അധ്യായത്തിനാണ്. രാഷ്ട്രീയബന്ധങ്ങളും അളവറ്റ സമ്പത്തുമുണ്ടായിട്ടും പരാജയങ്ങളെ നേരിടാതെ സ്വയം അവസാനിപ്പിച്ച അപൂര്‍വ്വ ശതകോടീശ്വര വ്യവസായിയായി ഇന്ത്യന്‍ വ്യവസായ ചരിത്രത്തില്‍ വിജെ സിദ്ധാര്‍ത്ഥ ഇനി രേഖപ്പെടുത്തപ്പെടും.

കോടികളുടെ ആസ്തിയുള്ള ഉന്നത ബന്ധങ്ങളും സ്വാധീനവുമുള്ള വ്യവസായികള്‍ പലരും പൊടുന്നനെ ഒന്നുമല്ലാതെയാവുന്ന കാഴ്ച ഇന്ത്യയില്‍ ഇതാദ്യമല്ല. വര്‍ഷങ്ങളളോളം ജയിലില്‍ കിടക്കേണ്ടി വന്ന അറ്റ്ലസ് രാമചന്ദ്രനും നിയമസംവിധാനങ്ങളെ കബളിപ്പിച്ച്  രാജ്യം തന്നെ ഉപേക്ഷിച്ചു പോയ വിജയ് മല്ല്യ മുതല്‍ നീരവ് മോദിയും വരെയുള്ള വ്യവസായികളും കൊലക്കുറ്റം ചെയ്ത് ജയിലില്‍ പോയ ശരവണഭവന്‍ ഹോട്ടല്‍ സ്ഥാപകനുമടക്കം നിരവധി പേര്‍ വന്‍വീഴ്ചകളേറ്റു വാങ്ങിയ വ്യവസായികളുടെ പട്ടികയിലുണ്ട്. 

ഒന്നിനു പിറകേ ഒന്നായി തിരിച്ചടികള്‍ ലഭിക്കുമ്പോഴും അതിനെയെല്ലാം അതിജീവിക്കാനും ശക്തമായി തിരിച്ചു വരാനുള്ള സാധ്യതകള്‍ കണ്ടെത്തി ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നവരാണ് യഥാര്‍ത്ഥ സംരഭകര്‍. അതുകൊണ്ടാണ് രാജ്യത്തെ തന്നെ ഏറ്റവും വിജയകരമായ ബിസിനസ് മോഡലുകളില്‍ ഒന്നിന്‍റെ സൃഷ്ടാവായിട്ടും പരാജയങ്ങളെ നേരിടാനാവാതെ ജീവിതം അവസാനിപ്പിച്ച വി ജി സിദ്ധാര്‍ത്ഥയുടെ ജീവിതം വേറിട്ടൊരു അധ്യായമായി മാറുന്നത്.  

പടിപടിയായുള്ള വളര്‍ച്ചയിലൂടെയാണ് സിദ്ധാര്‍ഥ ഇന്ത്യന്‍ കോഫീ വിപണിയിലെ രാജാവായി മാറിയത്. ഓഹരി വിപണിയിലൂടെ സംരഭത്തിന് മൂലധനമുണ്ടാക്കിയ സിദ്ധാര്‍ഥയുടെ പതനത്തിന് ഒരു കാരണവും ഓഹരി ഇടപാടുകളിലെ പാളിച്ചയാണ്. ഒപ്പം തുടരെ തുടരെയുണ്ടായ ആദായ നികുതി റെയ്ഡുകളും. പുതിയ സംഭരങ്ങളില്‍ നടത്തിയ നിക്ഷേപങ്ങള്‍ പാളിയതും സിദ്ധാര്‍ഥയെ കടക്കാരനാക്കി. 

സാമ്പത്തിക ശാസ്ത്രത്തില്‍ എംഎ ബിരുദധാരിയായിരുന്ന സിദ്ധാര്‍ത്ഥയ്ക്ക് കോഫി സാമ്രാജ്യം കെട്ടിപ്പെടുക്കുന്നതിൽ ഈ അറിവും ഒരു തുണയായിരുന്നു. ഓഹരി വിപണിയിലെ ഇടപാടുകളിലൂടെയാണ്  അദ്യ സംരഭത്തിനുള്ള മൂലധനം അദ്ദേഹം സ്വരുകൂട്ടിയത്. 1992-ല്‍ ബെംഗളൂരുവിലെ ബ്രിഗേഡ് റോഡിലാണ് ആദ്യ കഫേ കോഫി ഡേ ഷോറും വിജി സിദ്ധാര്‍ത്ഥ ആരംഭിച്ചത്. 

വിദേശ കോഫി മെഷീനുകള്‍ക്ക് രണ്ടരലക്ഷം വരെ വിലയുണ്ടായിരുന്ന കാലത്താണ്, സിദ്ധാർഥ 70,000 രൂപയ്ക്ക് സ്വന്തം മെഷീൻ വിപണിയിലിറക്കിയത്. കഫേ കോഫീ ഡേ ശൃംഖലകള്‍ ജനപ്രിയമായി മാറിയതോടെ സിദ്ധാര്‍ഥയുടെ തലവര തെളിഞ്ഞു. ചിക്കമംഗളൂരുവില്‍ പാരമ്പര്യമായി കിട്ടിയ 500 ഏക്കർ കാപ്പിത്തോട്ടത്തെ നാലായിരം ഏക്കറിലേയ്ക്ക് വിപുലപ്പെടുത്താന്‍ അദ്ദേഹത്തിനായി. 

കർണാടക മുൻ മുഖ്യമന്ത്രി എസ്എം കൃഷ്ണയുടെ മകളെ വിവാഹം ചെയ്തതോടെ സിദ്ധാര്‍ഥയുടെ ബിസിനസ് സാമ്രാജ്യത്തിന്‍റെ വളര്‍ച്ച വേഗത്തിലായി. വിദേശത്തേക്കും ബിസിനസ് വ്യാപിപ്പിച്ചു. എന്നാല്‍ കാപ്പിയിലുണ്ടായ ഭാഗ്യം സിദ്ധാര്‍ഥയ്ക്ക് മറ്റു വ്യവസായ മേഖലകളിലുണ്ടായില്ല.  പുതിയ വ്യവസായ പദ്ധതികളെല്ലാം നിരന്തരം പരാജയപ്പെട്ടു. ഇതോടെ 8000 കോടിയിലധികം രൂപയുടെ കടക്കാരനായി അദ്ദേഹം മാറി.  

വ്യവാസയരംഗത്തെ പ്രതിസന്ധികള്‍ക്കിടെയാണ് കൂനിൽ മേൽ കുരുവായി ആദായ നികുതി വകുപ്പ് പരിശോധനകള്‍ വന്നത്. ബാധ്യതകള്‍ തീർക്കാൻ കമ്പനിയുടെ ഓഹരികള്‍ സിദ്ധാര്‍ഥ  വൻതോതില്‍ വിറ്റു. പക്ഷേ ആ പണമൊന്നും സിദ്ധാര്‍ഥയ്ക്ക് കിട്ടിയില്ല. മുന്നോട്ട് നീങ്ങാനുള്ള എല്ലാ വഴികളും അടഞ്ഞു തുടങ്ങിയതോടെയാണ് പ്രതീക്ഷകള്‍ ഇല്ലാതെ സിദ്ധാർഥ നേത്രാവതി നദിയില്‍ എല്ലാം അവസാനിപ്പിച്ചത്. എന്നാല്‍ സിദ്ധാര്‍ഥയുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് ആദായനികുതി വകുപ്പ്.

നേത്രാവതി പാലത്തു നിന്നും കാണാതായ അദ്ദേഹത്തിന്‍റെ മൃതദേഹം മംഗളൂരു തീരത്ത് ഒഴിഗേ ബസാറിൽ നിന്ന് രാവിലെ ആറുമണിയോടെയാണ് കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ബെൻലോക്ക് സർക്കാർ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ചിക്കമംഗളൂരുവില്‍ എത്തിക്കും. 

തിങ്കളാഴ്ച വൈകീട്ട് മംഗളൂരു നേത്രാവതി പാലത്തിൽ വച്ചാണ് സിദ്ധാർത്ഥയെ കാണാതായത്. ഈ പരിസരത്ത് വച്ചാണ് സിദ്ധാർത്ഥയുടെ മൊബൈൽ ഫോണ്‍ അവസാനമായി പ്രവർത്തിച്ചതെന്ന് കർണാടക പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  ബംഗളൂരുവിൽ നിന്നും കാറിൽ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാർത്ഥ, നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ്  ഡ്രൈവറുടെ മൊഴി. 

ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാൽ അടുത്ത് എത്തിയപ്പോഴേക്ക് താഴ്‍ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീൻപിടിത്തക്കാരനും പൊലീസിനോട് പറഞ്ഞു. ഇതേത്തുടർന്ന് നടത്തിയ വ്യാപക തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. അതിനിടെ കണ്ടെടുത്ത ആത്മഹത്യക്കുറിപ്പ്സിദ്ധാർത്ഥയുടേത് തന്നെയെന്ന് മംഗളൂരു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കൈയ്യക്ഷരം സിദ്ധാർത്ഥയുടേത് തന്നെയെന്ന് കുടുംബവും സാക്ഷ്യപ്പെടുത്തുന്നു. 

സംരംഭകൻ എന്ന നിലയിൽ പരാജയപ്പെട്ടുവെന്നാണ് സിദ്ധാർത്ഥയുടെ കത്തിൽ പറയുന്നത്. ആദായ നികുതി വകുപ്പിൽ നിന്ന് വലിയ സമ്മർദ്ദം ഉണ്ടായെന്നും കമ്പനിയെ ലാഭത്തിലാക്കാൻ കഴിഞ്ഞില്ലെന്നും കത്തിൽ പരാമര്‍ശിക്കുന്നുണ്ട്. ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാർത്ഥയുടെ കത്തില്‍ പറയുന്നു.