ദില്ലി: ബലാത്സംഗക്കേസില്‍ ഇരയുടെ ലൈംഗിക ജീവിതം പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള മാനദണ്ഡമല്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റ്സ് ബി ആര്‍ ഗവായി, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. ഇര പതിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന പ്രതിഭാഗത്തിന്‍റെ വാദം പരിഗണിച്ച് അലഹബാദ് ഹൈക്കോടതി ബലാത്സംഗക്കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയ നടപടി സുപ്രീം കോടതി റദ്ദാക്കി.

പ്രതിക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതിനെ ചോദ്യം ചെയ്ത് പ്രൊസിക്യൂഷനും ഇരയും നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പോക്സോ കേസിലാണ് റിസ്‍വാന്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്. നാല് ആഴ്ചക്കുള്ളില്‍ സെഷന്‍സ് കോടതിയില്‍ കീഴടങ്ങാന്‍ പ്രതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. 

ഇര പതിവായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടുവെന്നും പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നുമുള്ള വാദം പരിഗണിച്ചാണ് 2018 ഏപ്രില്‍ മൂന്നിന് അലഹബാദ് ഹൈക്കോടതി പ്രതിക്ക് ജാമ്യം നല്‍കിയത്. 16കാരിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തെന്ന പിതാവിന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്. തന്നെ തോക്കിന്‍ മുനയില്‍ നിര്‍ത്തി റിസ്‍വാന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിരുന്നു.

മെഡിക്കല്‍ പരിശോധനയില്‍ പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്തിന്‍റെ അകത്തോ പുറത്തോ പരിക്കുണ്ടായിരുന്നില്ലെന്നും അതേസമയം സ്ഥിരമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും വ്യക്തമായിരുന്നെന്ന് പ്രതിഭാഗം വാദിച്ചു. പെണ്‍കുട്ടിയുടെ ദുരിതപൂര്‍ണമായ ജീവിതത്തെക്കുറിച്ച് അവള്‍ പറഞ്ഞത് സത്യസന്ധമായാണ്. ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ ആര്‍ക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.