Asianet News MalayalamAsianet News Malayalam

വിക്ടോറിയ ഗൗരി കേസ്: സത്യപ്രതിജ്ഞയ്ക്ക് മുൻപ് വാദം കേൾക്കാൻ സുപ്രീം കോടതി

ആര്‍എസ്എസിന്‍റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ന്യൂനപക്ഷ വിരുദ്ധമായി വിക്ടോറിയ ഗൗരി എഴുതിയ ലേഖനം മുന്നോട്ട് വച്ചാണ് ഒരു കൂട്ടം അഭിഭാഷകർ ഈ നീക്കം നടത്തിയത്

Victoria Gowri appointment SC to consider petition before oath taking
Author
First Published Feb 7, 2023, 9:22 AM IST

ദില്ലി: മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജായി വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കാനിരിക്കെ അതിവേഗം ഇതിനെതിരായ ഹർജികളിൽ വാദം കേൾക്കാൻ സുപ്രീം കോടതി. ഇന്ന് രാവിലെ പത്തരയ്ക്കാണ് സത്യപ്രതിജ്ഞ. കേസ് രാവിലെ 9.15 ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്താൽ വിക്ടോറിയ ഗൗരിയുടെ നിയമനം റദ്ദാക്കുക പ്രയാസകരമാവും എന്നതിനാലാണ് ഇതിന് മുൻപ് തന്നെ കേസ് വാദം കേൾക്കുന്നത്.

മദ്രാസ് ഹൈക്കോടതിയിലേക്കുള്ള അഡീഷണൽ ജഡ്ജി നിയമന ശുപാർശയും നിയമന ഉത്തരവുമാണ് ഇപ്പോൾ വിവാദവുമായിരിക്കുന്നത്. കഴിഞ്ഞ മാസം പതിനേഴിനാണ് മദ്രാസ് ഹൈക്കോടതിയുടെ മധുരാ ബെഞ്ചിൽ അഭിഭാഷകയായ വിക്ടോറിയ ഗൗരി അടക്കം അഞ്ചു പേരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാൻ സുപ്രീം കോടതി കൊളീജീയം ശുപാർശ ചെയ്യുന്നത്.  വിവരം പുറത്തായതോടെ ഗൗരിയെ ജഡ്ജിയായി നിയമിക്കരുതെന്ന് കാട്ടി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതികളെത്തി.

മഹിളാ മോർച്ചാ നേതാവായ  വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും ഇങ്ങനെയൊരാളെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കുന്നത് അധാർമ്മികമാണെന്നും കാട്ടി മദ്രാസ് ഹൈക്കോടതിയിലെ ഒരു വിഭാഗം അഭിഭാഷകർ സുപ്രീം കോടതിയെ സമീപിച്ചു. ആര്‍എസ്എസിന്‍റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ ന്യൂനപക്ഷ വിരുദ്ധമായി വിക്ടോറിയ ഗൗരി എഴുതിയ ലേഖനം മുന്നോട്ട് വച്ചാണ് ഒരു കൂട്ടം അഭിഭാഷകർ ഈ നീക്കം നടത്തിയത്.

ഇതുസംബന്ധിച്ച ഹർജി ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ പരാമർശിച്ചു. ഹർജി വെള്ളിയാഴ്ച്ച  പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. എന്നാൽ ഇതിന് പിന്നാലെ ഗൗരി അടക്കം പതിമൂന്ന് പേരെ അഡീഷണൽ ജഡ്ജിമാരാക്കി കേന്ദ്രം നിയമന ഉത്തരവും ഇറക്കി. ഈ കാര്യം വീണ്ടും പരാമര്‍ശിച്ചതോടെ ഹർജി നാളെ തന്നെ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. വിക്ടോറിയ ഗൗരിയെ ശുപാർശ ചെയ്തതിന് പിന്നാലെയാണ് പരാതികൾ എത്തിയതെന്ന് ചീഫ് ജസ്റ്റിസ് വിശദീകരിച്ചു.

കൊളീജീയം ശുപാർശ അടക്കം തിരിച്ചുവിളിക്കണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. ജഡ്ജി നിയമനത്തിന് തെരഞ്ഞെടുക്കപ്പെട്ട അഭിഭാഷകർ നേരിട്ടോ സമൂഹ മാധ്യമങ്ങളിലോ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളോ നിയമനത്തിന്  മാനദണ്ഡമാക്കാനാകില്ലെന്ന് നേരത്തെ കേന്ദ്രം തിരിച്ചയച്ച ശുപാർശകൾ വീണ്ടും സർക്കാരിന് അയച്ച സുപ്രീം കോടതി നിലപാട്  പറഞ്ഞിരുന്നു.
 

Follow Us:
Download App:
  • android
  • ios