ദില്ലി: കൊവിഡ് 19 നിരീക്ഷണകേന്ദ്രത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപൊതികളും കുടിവെള്ളവും വലിച്ചെറിഞ്ഞ് കൊടുക്കുന്ന വീഡിയോ പുറത്ത്. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ഹിന്ദുസ്ഥാന്‍ കോളജില്‍ ക്വാറന്‍റൈനില്‍ കഴിയുന്നവര്‍ക്ക് പിപിഇ കിറ്റ് ധരിച്ചെത്തിയ ആള്‍ ഭക്ഷണപൊതികളും കുടിവെള്ള ബോട്ടിലുകളും ഗേറ്റിന് മുന്നിലേക്ക് വലിച്ചെറിഞ്ഞ് പോകുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.  അകത്ത് നിരീക്ഷണത്തിലുള്ളവര്‍  ഗേറ്റിന്‍റെ വിടവിലൂടെ ഭക്ഷണം എടുക്കുന്നതും കൂട്ടംകൂടി നില്‍ക്കുന്നതുമെല്ലാം ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ട്വിറ്ററില്‍ ഈ വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും നിയന്ത്രണങ്ങളുടെ ആഗ്ര മോഡലിനെ കുറിച്ച് കഴിഞ്ഞ ദിവസം എടുത്ത് പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ശ്രദ്ധ ഗ്രൂപ്പിന്‍റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ കോളജ് ആഗ്ര ജില്ലാ അഡ്മിനിസ്ട്രേഷന്‍ ഏറ്റെടുത്ത് കൊവിഡ് നിരീക്ഷണകേന്ദ്രം ആക്കുകയായിരുന്നു.

ഇവിടെ പരിശോധന നടത്താനായി വന്ന സ്ത്രീയാണ് വീഡിയോ എടുത്തിരിക്കുന്നത്. നിരീക്ഷണ കേന്ദ്രത്തില്‍ നേരത്തെയും ഇങ്ങനെയാണ് ഭക്ഷണം നല്‍കിയിരിന്നതെന്ന് അവിടെ കഴിയുന്നവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പ്രഭു നരേയ്ന്‍ സിംഗ് ഇങ്ങനെ സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ച് ദിവസങ്ങള്‍ മുമ്പാണ് ഇങ്ങനെ ഒരു സംഭവം നടന്നതെന്നും ഇപ്പോള്‍ എല്ലാ ശരിയായിട്ടുണ്ടെന്നുമാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. അന്വേഷണത്തിന് ഉത്തരവിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരീക്ഷണകേന്ദ്രത്തിലേക്ക് ഭക്ഷണം എത്തിക്കാന്‍ വൈകിയിരുന്നു.

"

നാല് മണിക്കൂര്‍ ഇങ്ങനെ ഭക്ഷണം വൈകിയതോടെയാണ് ഈ സംഭവം നടന്നത്. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും വീണ്ടും ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും പ്രഭു നരേയ്ന്‍ പറഞ്ഞു. ശ്രദ്ധ ഗ്രൂപ്പിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ നിരീക്ഷകേന്ദ്രത്തിലെത്തി പരിശോധന നടത്തിയിരുന്നു. എല്ലാ കുറവുകളും അവിടെ പരിഹരിച്ചിട്ടുണ്ട്. ചീഫ് ഡെവലപ്മെന്‍റ്  ഓഫീസറോട് എല്ലാം ശരിയാക്കാനും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇനി ഇത്തരത്തിലുള്ള പരാതികള്‍ ഉയരാതിരിക്കാനുള്ള നടപടികളെല്ലാം സ്വീകരിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 500ല്‍ അധികം ആളുകള്‍ ഹിന്ദുസ്ഥാന്‍ കോളജിലെ ക്വാറന്‍റൈന്‍ കേന്ദ്രത്തിലുണ്ടെന്നാണ് ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞത്. എന്നാല്‍, പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകന്‍ 130 പേരാണ് നിരീക്ഷണകേന്ദ്രത്തിലുണ്ടെന്നാണ് അറിയിച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ആഗ്ര മേയര്‍ നവീന്‍ ജെയ്ന്‍ കത്തെഴുതിയിട്ടുണ്ട്.