Asianet News MalayalamAsianet News Malayalam

'എന്റെ മകൻ ചെയ്തത് പൊറുക്കാനാവാത്ത പാപം, ഭരണകൂടമാണ് ശരി'; പൊലീസ് നടപടിയെ പിന്തുണച്ച് വികാസ് ദുബെയുടെ പിതാവ്

കഴിഞ്ഞ ആഴ്ച കാൺപൂരിലെ ചബേപൂർ പ്രദേശത്തെ ബിക്രു ​ഗ്രാമത്തിൽ നടന്ന ഏറ്റമുട്ടലിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയാണ് ​വികാസ് ദുബെ.

Vikas Dubey's father supports police action
Author
Lucknow, First Published Jul 11, 2020, 11:20 AM IST

കാൺപൂർ: മകനെതിരെയുള്ള പൊലീസ് നടപടിയെ പിന്തുണച്ച് ​കൊടുംകുറ്റവാളി വികാസ് ദുബയുടെ പിതാവ്. 'എന്റെ മകനെതിരെ നടപടിയെടുത്തതിലൂടെ ഉത്തർപ്രദേശ് ഭരണകൂടം ചെയ്തത് നല്ല കാര്യമാണ്' എന്നാണ് ദുബെയുടെ പിതാവിന്റെ വാക്കുകൾ. മകൻ എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയെന്നും മാപ്പർഹിക്കാത്ത പാപമാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

''ഞങ്ങൾ പറയുന്നത് പോലെ ജീവിച്ചിരുന്നെങ്കിൽ അവന്റെ ജീവിതം ഇങ്ങനെ അവസാനിക്കുമായിരുന്നില്ല. യാതൊരു വിധത്തിവും വികാസ് ഞങ്ങളെ സഹായിച്ചിരുന്നില്ല. ഞങ്ങൾക്ക് പാരമ്പര്യമായി കിട്ടിയ സ്വത്ത് കൂടി അവൻ നശിപ്പിച്ചു. എട്ട് പൊലീസ് ഉദ്യോ​ഗസ്ഥരെ അവൻ കൊലപ്പെടുത്തി. മാപ്പർഹിക്കാത്ത പാപമാണ് അവൻ ചെയ്തത്. ഭരണകൂടം ചെയ്തതാണ് ശരി. അവരിങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ നാളെ മറ്റുള്ളവർ ഇങ്ങനെ ചെയ്യുമായിരുന്നു.'' വികാസ് ദുബെയുടെ പിതാവായ രാംകുമാർ എഎൻഐയോട് പറഞ്ഞു.

''എല്ലാ വ്യക്തികൾക്കും സംരക്ഷണം നൽകുക എന്നതാണ് മുഖ്യമന്ത്രിയുടെ കടമ. പോലീസുദ്യോ​ഗസ്ഥർ അത് നടപ്പിലാക്കുന്നവരും. ക്ഷമിക്കാൻ സാധിക്കാത്ത വിധത്തിലാണ് അവൻ പൊലീസിനെ ആക്രമിച്ചത്. അവന്റെ ശവസംസ്കാര ചടങ്ങിൽ പോലും ഞാൻ പങ്കെടുത്തില്ല.'' അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് പാരമ്പര്യമായി ലഭിച്ച സ്വത്തിന്റെ കാര്യത്തിൽ മാത്രമാണ് പൊലീസിനോട് അഭ്യർത്ഥിക്കാനുള്ളതെന്നും രാകുമാർ പറഞ്ഞു. 

കൺപൂരിലെ ഭൈരവ് ഘട്ടിലാണ് വികാസ് ദുബെയെ സംസ്കരിച്ചത്. അയാളുടെ ഭാര്യയും ഇളയ മകനും ഭാര്യാസഹോദരനും സംസ്കാരചടങ്ങിൽ പങ്കെടുത്തു. കുടുംബത്തിൽ നിന്ന് മറ്റാരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചേർന്നിരുന്നില്ല. വ്യാഴാഴ്ച രാവിലെ ഉജ്ജയിനിൽ വച്ചാണ് വികാസ് ദുബെയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആറ് ദിവസങ്ങളിലായി ഇയാൾ ഒളിവിലായിരുന്നു. പ്രാർത്ഥനയ്ക്കായി ക്ഷേത്രത്തിലെത്തിയ ഇയാളെ അവിടുത്തെ സുരക്ഷാ ഉദ്യോ​ഗസ്ഥരിലൊരാളാണ് തിരിച്ചറിഞ്ഞത്.

പിന്നീട് രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇയാളെ പൊലീസ് വെടിവച്ചു കൊന്നു എന്നാണ് പൊലീസ് പുറത്തുവിട്ട വിവരം. കഴിഞ്ഞ ആഴ്ച കാൺപൂരിലെ ചബേപൂർ പ്രദേശത്തെ ബിക്രു ​ഗ്രാമത്തിൽ നടന്ന ഏറ്റമുട്ടലിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാന പ്രതിയാണ് ​വികാസ് ദുബെ. സംഭവത്തിന് ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടിരുന്നു. 

Follow Us:
Download App:
  • android
  • ios