90 വര്‍ഷമായി നടക്കുന്ന ക്ഷേത്ര ഉല്‍സവമാണ് പതിവ് തെറ്റാതെ കൊവിഡ് കാലത്തും നടത്തിയത്. രാജ്യത്ത് കൊവിഡ് നിരക്ക് കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് ഇത്

അമൃത്സര്‍: കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് ബാബാ റോഡേ ഷാ ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയത് നൂറുകണക്കിന് ആളുകള്‍. പഞ്ചാബിലെ അമൃത്സറിലാണ് മാസ്കും സാമൂഹ്യ അകലവുമെല്ലാം വ്യാപകമായി ലംഘിച്ച് നിരവധിപ്പേര്‍ വ്യാഴാഴ്ച ക്ഷേത്ര ദര്‍ശനത്തിനെത്തിയത്. മദ്യക്കുപ്പി പ്രസാദമായി നല്‍കുന്ന ക്ഷേത്രം കൂടിയാണ് ഇത്. രാജ്യത്ത് കൊവിഡ് നിരക്ക് കൂടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടയിലാണ് ഇത്. കഴിഞ്ഞ 90 വര്‍ഷമായി നടക്കുന്ന ക്ഷേത്ര ഉല്‍സവമാണ് പതിവ് തെറ്റാതെ കൊവിഡ് കാലത്തും നടത്തിയത്.

അമൃത്സര്‍ ഫത്തേഗര്‍ ചുരിയാന്‍ റോഡിലെ ഭോമ ഗ്രാമത്തിലാണ് ഈ ക്ഷേത്രമുള്ളത്. ഭോമ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റും ക്ഷേത്രം സ്ഥാപിച്ച ബാബയുടെ ബന്ധുവുമാണ് ക്ഷേത്രം നടത്തുന്നത്. വലിയ കലങ്ങളില്‍ മദ്യം ശേഖരിച്ച് വച്ച് അത് തന്‍റെ ഭക്തര്‍ക്ക നല്‍കിയിരുന്ന രീതിയായിരുന്നു ബാബയ്ക്കെന്നാണ് ഇവര്‍ പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്. എന്നാല്‍ ബാബാ മദ്യപിക്കാറില്ലെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. വര്‍ഷം മുഴുവനും ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നതും മദ്യമാണ്.

എന്നാല്‍ ഉത്സവകാലത്ത് നല്‍കുന്ന മദ്യത്തിന്‍റെ അളവ് കൂടുതലായിരിക്കുമെന്ന് മാത്രം. ഉത്സവത്തിന്‍റെ ആദ്യം ദിനം ഇവിടെ പുരുഷ ഭക്തന്മാര്‍ക്കും രണ്ടാം ദിനം സ്ത്രീകള്‍ക്കുമായി നടത്തിയിരുന്നതായിരുന്നു ഇവിടെ പിന്തുടര്‍ന്നിരുന്ന രീതി. ക്ഷേത്രത്തിലെത്തുന്ന എല്ലാവര്‍ക്കും ഗ്ലാസിലാണ് പ്രസാദ് നല്‍കാറ്. ഗുരുദാസ്പൂര് സ്വദേശിയായിരുന്ന ബാബ 1896ലാണ് ഭോമയിലെത്തിയതെന്നാണ് പറയപ്പെടുന്നത്. 1924ലാണ് ബാബ മരിക്കുന്നത്.