ഭോപ്പാല്‍: രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ സ്വദേശം വിട്ട് മറ്റിടങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ മനസ്സിൽ ഒറ്റച്ചോദ്യമേ ഉയർന്നുവന്നുള്ളൂ. എങ്ങനെ നാട്ടിലെത്തും? ലോക്ക് ഡൗണിനെ തുടർന്ന് യാത്രാ സൗകര്യങ്ങൾ എല്ലാം നിർത്തിവച്ചതോടെ കാൽനടയായി  പോകാം എന്നായിരുന്നു അവർ തന്നെ കണ്ടെത്തിയ ഉത്തരം. പിന്നീട് നിരവധി കൂട്ടപ്പലായനങ്ങളുടെ ദുരിതകാഴ്ചകളായിരുന്നു നമുക്ക് മുന്നിൽ തെളിഞ്ഞത്.

അതിൽ ഏറ്റവും ഒടുവിൽ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ ആരുടെയും കണ്ണ് നിറയ്ക്കും. ജോലിസ്ഥലത്തുനിന്ന് സ്വന്തം നാട്ടിലേക്കുള്ള കാല്‍നടയാത്രക്കിടെ മധ്യപ്രദേശിലെ ഒരു ഹൈവേയില്‍ പൊരിവെയിലത്ത് നിലത്തിരുന്ന്, കാലിലിട്ട പ്ലാസ്റ്റര്‍ ഊരി മാറ്റാന്‍ ശ്രമിക്കുന്ന യുവാവിന്റെ ദൃശ്യമാണത്. നിസ്സഹായതയുടെ, ദൈന്യതയുടെ അങ്ങേയറ്റത്തും മനുഷ്യർ അതിജീവനത്തിന് ശ്രമിക്കുന്നു എന്നതിന്റെ നേർക്കാഴ്ചയാണിത്. 

ബന്‍വര്‍ലാല്‍ എന്നാണ് ഈ യുവാവിന്റെ പേര്. മധ്യപ്രദേശിലെ പിപ്പാരിയയില്‍ കൂലിപ്പണിക്കാരനായ ഇയാൾ രാജസ്ഥാന്‍ സ്വദേശിയാണ് ജോലിക്കിടെ ഇടതുകാലിന്റെ മൂന്ന് വിരലുകള്‍ക്കും കണങ്കാലിനും പരിക്കേറ്റു. തുടര്‍ന്ന് കാലിന്റെ മുട്ടുവരെ പ്ലാസ്റ്റര്‍ ഇടേണ്ടിവന്നു. ഇതിനിടയിലാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ജോലി ഇല്ലാതായതോടെ താമസസ്ഥലത്തുനിന്ന് ഇറങ്ങേണ്ടിവന്നു. മറ്റു തൊഴിലാളികളെപ്പോലെ സ്വദേശത്തേയ്ക്കു മടങ്ങാന്‍ തീരുമാനിച്ചു.

പിപ്പാരിയയില്‍നിന്ന് ഇവിടെവരെയുള്ള 500 കിലോ മീറ്റര്‍ ഒരു വാഹനം കിട്ടി. എങ്ങനെയങ്കിലും നാട്ടിലെത്താനുള്ള ശ്രമത്തിലാണ് ബൻവർലാൽ സ്വന്തം ഗ്രാമത്തിലേയ്ക്ക് ഇനിയുള്ള 240 കിലോ മീറ്റര്‍ കാല്‍നടയായി സഞ്ചരിക്കാനാണ് ബൻവർലാലിന്റെ തീരുമാനം. അതിര്‍ത്തികളില്‍ പോലീസ് ശക്തമായ പരിശോധനകളാണ് നടത്തുന്നത് എന്ന് എനിക്കറിയാം. പക്ഷെ, എനിക്കു മറ്റു മാര്‍ഗമില്ല. ഗ്രാമത്തില്‍ എന്റെ കുടുംബം ഒറ്റയ്ക്കാണ്. പണിയില്ലാത്തതിനാല്‍ പണമൊന്നും അയയ്ക്കാന്‍ സാധിച്ചിട്ടില്ല. കാലിലെ പ്ലാസ്റ്റര്‍ മുറിച്ചുനീക്കി നടക്കുകയല്ലാതെ മറ്റു വഴിയില്ല, ബന്‍വര്‍ലാല്‍ പറഞ്ഞു.

മാര്‍ച്ച് 23 അര്‍ധരാത്രി മുതല്‍ 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വ്യവസായശാലകള്‍ അടയ്ക്കുകയും നിര്‍മാണപ്രവൃത്തികള്‍ നിലയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് കൂട്ടത്തോടെ സ്വദേശത്തേയ്ക്ക് മടങ്ങുകയല്ലാതെ മറ്റ് വഴികളൊന്നുമില്ലായിരുന്നു. വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ കാല്‍നടയായി നൂറുകണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കുക മാത്രമാണ് അവര്‍ക്കു മുന്നിലുള്ള മാര്‍ഗം.