ദില്ലി: ദില്ലിയിൽ ജെഎൻയു സമരത്തിനിടെ തെരുവുയുദ്ധം. മണിക്കുറുകളോളം ദില്ലി തുക്ലക്ക് റോഡ് ഉപരോധിച്ച് സമരം ചെയ്ത വിദ്യാ‍ർത്ഥികളെ പൊലീസ് തല്ലിയോടിച്ചു. വഴിവിളക്കുകൾ അണച്ച ശേഷമായിരുന്നു പൊലീസിന്റെ അതിക്രമം. അന്ധവിദ്യാ‍ർത്ഥികൾ അടക്കം നിരവധി വിദ്യാ‍ർത്ഥികൾക്ക് പരിക്കേറ്റു.ജെഎൻയു വിദ്യാർത്ഥിയൂണിയനെ കേന്ദ്രസർക്കാർ ചർച്ചയ്ക്ക വിളിച്ചതിന് തൊട്ടു പിന്നാലെയായിരുന്നു പൊലീസിന്റെ അപ്രതീക്ഷത നീക്കം.

വഴിവിളക്കുകൾ അണച്ച ശേഷം കൂട്ടത്തോടെ എത്തിയ പൊലീസും സിആർപിഎഫും വിദ്യാ‍ർത്ഥികളെ തല്ലി. ചെറുത്ത് നിന്ന പെൺകുട്ടികൾക്ക് നേരെയും ബലം പ്രയോഗിച്ചു. ഇതോടെ മണിക്കുറുകളോളം റോഡ് ഉപരോധിച്ച് സമരം നടത്തിയ വിദ്യാർ‍ത്ഥികൾ പലഭാഗത്തേക്ക് ചിതറിയോടി. അന്ധവിദ്യാർത്ഥികളോടും പൊലീസ് ക്രൂരതകാട്ടിയെന്ന് വിദ്യാർത്ഥികൾ പരയുന്നു.

രാവിലെ കാന്പസിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇതിനെ മറികടന്ന് വിദ്യാർ‍ത്ഥികൾ ജാഥ തുടങ്ങിയത്. പ്രധാനപാതയിലേക്ക് കടക്കാതിരിക്കാൻ പൊലീസ് സ്ഥാപിച്ച് ബാരിക്കേഡുകൾ തകർ‍ത്ത് വിദ്യാ‍ർത്ഥികൾ മുന്നോട്ട് പോയി. മാർച്ച് സംഘർഷത്തിൽ എത്തിയതോടെ വിദ്യാർത്ഥി നേതാക്കൾ അടക്കം 60 പേരെ കസ്റ്റഡിയിൽ എടുത്തു.

പിന്നിട് പല സംഘങ്ങളായി തിരിഞ്ഞാണ് വിദ്യാർത്ഥികൾ പാർലമെന്റിലേക്ക് മാർ‍ച്ച് നടത്തിയത്. പല സംഘങ്ങളായി എത്തിയ വിദ്യാർ‍ത്ഥികളെ തുക്ലക്ക് റോഡിലെ സഫദർജംഗ് ടോംബിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെയാണ് വിദ്യാർത്ഥികൾ ഉപരോധസമരം തുടങ്ങിയത്. വിദ്യാർത്ഥികൾക്ക് നേരയുള്ള പൊലീസ് നടപടി ഇന്ന് പാർലമെന്റ് പ്രക്ഷുബ്ധമാക്കിയേക്കും. ഹോസ്റ്റൽ ഫീസ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരമാണ് തെരുവ് യുദ്ധമായി മാറിയത്.