ദില്ലി: പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ വിമർശനമുന്നയിച്ച് ബോളിവുഡ് താരം വിവേക് ഒബ്റോയ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പരാമർശം. മമതയെ പോലെ ബഹുമാനത്തിന് ഉടമയായ ഒരാൾ ഇറാഖിലെ സ്വേച്ഛാധിപതിയായിരുന്ന സദ്ദാംഹുസൈനെപ്പോലെ പെരുമാറുന്നത് എന്തിന് വേണ്ടിയാണെന്ന് വ്യക്തമാകുന്നില്ലെന്ന് വിവേക് ട്വീറ്റ് ചെയ്തു. 

ദില്ലിയിലെ ബിജെപി വക്താവ് തേജീന്ദർപാൽ സിംഗ് ബാഗയെ കൊൽക്കത്ത ഹോട്ടൽ മുറിയിൽ നിന്ന് അറസ്റ്റ് ചെയ്തതിലും  പ്രിയങ്ക ശർമ്മയെ സുപ്രീംകോടതി ജാമ്യം നൽകിയിട്ടും 18 മണിക്കൂറോളം കസ്റ്റഡിയിൽ സൂക്ഷിച്ചതിലും അതൃപ്തി പ്രകടിപ്പിച്ചു കൊണ്ടായിരുന്നു താരത്തിന്റെ ട്വീറ്റ്. 

കൊൽക്കത്തയിൽ മമത ബാനർജിയുടെ ഭരണത്തിനു കീഴിൽ ജനാധിപത്യം ഭീഷണി നേരിടുകയാണെന്നും അപകടാവസ്ഥയിലാണെന്നും വിവേക് ഒബ്റോയ് പറഞ്ഞു. പ്രിയങ്ക ശർമ്മ, തേജിന്ദർ ബാഗ, സേവ് ബംഗാൾ സേവ് ഡെമോക്രസി എന്നീ ഹാഷ് ടാഗുകളോടെയാണ് വിവേക് ഒബ്റോയ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

നേരത്തെ മഹാത്മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം വിനായക് ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ച കമൽഹാസനെതിരെ  വിവേക് ഒബ്റോയി രംഗത്തെത്തിയിരുന്നു."ഗോഡ്സെയെ തീവ്രവാദിയെന്ന് വിളിച്ചോളൂ, എന്തിനാണ് ഹിന്ദു തീവ്രവാദിയെന്ന് വിളിക്കുന്നത്?" വിവേക് ഒബ്റോയി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ വിഭജിക്കരുതെന്നും നമ്മളെല്ലാം ഒന്നാണെന്നും അദ്ദേഹം കമൽഹാസനോട് അടുത്തടുത്ത രണ്ട് ട്വീറ്റുകളിൽ അഭ്യർത്ഥിച്ചിരുന്നു.