കനത്ത മഴയിൽ അയോധ്യ ക്ഷേത്രത്തിൽ ചോര്‍ച്ച: അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി, വിശദീകരിച്ച് ക്ഷേത്ര കമ്മിറ്റി

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി അയോധ്യ ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര രംഗത്തെത്തി

water seapage at the Ram temple in Ayodhya after the heavy rains

ദില്ലി: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയിൽ അയോധ്യ രാമക്ഷേത്രത്തിൽ ചോർച്ച. സംഭവത്തിൽ അതൃപ്തി പരസ്യമാക്കി മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് രംഗത്തെത്തി. ജനുവരിയിൽ തുറന്ന ക്ഷേത്രത്തിൻ്റെ മുഖ്യ കെട്ടിടത്തിന് മുകളിൽ നിന്നും ഇപ്പോൾ ചോർച്ചയുണ്ടെന്ന് ആചാര്യ സത്യേന്ദ്ര ദാസ് വാര്‍ത്താ ഏജൻസിയോട് പറഞ്ഞു. വെള്ളം ഒഴുകി പോകാൻ കൃത്യമായ സംവിധാനം ഇല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വലിയ മഴ പെയ്താൽ ദർശനം ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സംഭവത്തിൽ വിശദീകരണവുമായി അയോധ്യ ക്ഷേത്ര നിർമ്മാണ കമ്മറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര രംഗത്തെത്തി. ഈ ചോര്‍ച്ച പ്രതീക്ഷിച്ചതാണെന്നും ഗുരു മണ്ഡപം തുറസ്സായ സ്ഥലത്തായത് കൊണ്ടാണ് ഇത്തരത്തിൽ വെള്ളം എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം നിലയിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇവിടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം പൂർത്തിയാകുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടും. നിർമ്മാണത്തിലോ ഡിസൈനിലോ ഒരു പ്രശ്നവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ സംഭവത്തിൽ ബിജെപിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ബിജെപി അയോധ്യയെ അഴിമതിയുടെ ഹബ്ബാക്കി മാറ്റിയെന്ന് ഉത്തര്‍പ്രദേശ് പിസിസി അധ്യക്ഷൻ അജയ് റായ് വിമര്‍ശിച്ചു. മുഖ്യ പൂജാരിയുടെ വെളിപ്പെടുത്തൽ എല്ലാം വ്യക്തമാക്കുന്നുവെന്നും വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന് കൊട്ടിഘോഷിച്ചാണ് ബിജെപി നടക്കുന്നതെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം യഥാർത്ഥത്തിൽ അയോധ്യയിൽ റോഡുകൾ ദിവസവും പൊളിയുകയാണെന്നും വിമര്‍ശിച്ചു. നേരത്തെ അയോധ്യ ധാം ജങ്ഷൻ റെയിൽവേ സ്റ്റേഷൻ്റെ ചുറ്റുമതിലും മഴയിൽ തകർന്നിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios