ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരം എന്റെ രാഷ്ട്രീയ ജീവിതത്തിലും പ്രധാനപ്പെട്ടതാണ്. ഞാനും എന്റെ സുഹൃത്തുക്കളും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സത്യഗ്രഹം നടത്തി. ഈ സമയത്താണ് ഞാന്‍ ജയിലില്‍ പോകുന്നത്. അന്ന് ഞങ്ങള്‍ക്ക് 20 വയസ്സായിരുന്നു പ്രായം-മോദി പറഞ്ഞു. 

ധാക്ക: രാഷ്ടീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടുദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെയാണ് മോദി ഇക്കാര്യം പറഞ്ഞത്. ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഇന്ത്യയില്‍ താന്‍ സത്യഗ്രഹം നടത്തി. അതിന്റെ പേരില്‍ ഇരുപതാം വയസ്സില്‍ ജയിലില്‍ കിടക്കേണ്ടി വന്നെന്നും മോദി ധാക്കയില്‍ പറഞ്ഞു. 

'ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യ സമരം എന്റെ രാഷ്ട്രീയ ജീവിതത്തിലും പ്രധാനപ്പെട്ടതാണ്. ഞാനും എന്റെ സുഹൃത്തുക്കളും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി സത്യഗ്രഹം നടത്തി. ഈ സമയത്താണ് ഞാന്‍ ജയിലില്‍ പോകുന്നത്. അന്ന് ഞങ്ങള്‍ക്ക് 20 വയസ്സായിരുന്നു പ്രായം'-മോദി പറഞ്ഞു. ധാക്കയില്‍ ബംഗ്ലാദേശ് ദേശീയ ദിന പരിപാടിയില്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കും പ്രസിഡന്റ് അബ്ദുല്‍ ഹമീദിനുമൊപ്പം മോദി പങ്കെടുത്തു.

പ്രശസ്തമായ മുജീബ് ജാക്കറ്റ് ധരിച്ചായിരുന്നു മോദി പരിപാടിക്കെത്തിയത്. തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ദിനമാണിതെന്നും പരിപാടിയില്‍ എന്നെ ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നും മോദി പറഞ്ഞു. ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പങ്കും മോദി ഓര്‍മ്മിപ്പിച്ചു.