കൊൽക്കത്ത: പശ്ചിമബംഗാൾ മുൻ എംഎൽഎയും ബിധാൻനഗർ കോർപ്പറേഷൻ മുൻ മേയറുമായ പ്രമുഖ തൃണമൂൽ കോൺഗ്രസ് നേതാവ് സബ്യസാചി ദത്ത ബിജെപിയിലേക്ക്. നാളെ ബിജെപിയിൽ ചേരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

കൊൽക്കത്തയിൽ നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന യോഗത്തിൽ വച്ചായിരിക്കും ഇദ്ദേഹം അംഗത്വം സ്വീകരിക്കുക. 

രണ്ട് തവണ രാജർഹട് ന്യൂട്ടൺ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട സബ്യസാചി ദത്ത ഈയടുത്താണ് ബിധാൻനഗർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനം രാജിവച്ചത്.

പാർട്ടി വിരുദ്ധ പ്രസ്‌താവനകളെ തുടർന്ന് ദത്തയോട് രാജിവയ്ക്കാൻ മമത ബാനർജി ആവശ്യപ്പെട്ടുവെങ്കിലും അദ്ദേഹം തയ്യാറായില്ല. കോർപ്പറേഷനിലെ ഭൂരിപക്ഷം തൃണമൂൽ കൗൺസിലർമാരും ചേർന്ന് ജൂലൈയിൽ ഇദ്ദേഹത്തിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതിനെതിരെ അദ്ദേഹം കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും തൊട്ടുപിന്നാലെ സ്ഥാനം രാജിവയ്ക്കുകയായിരുന്നു.

ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീർഘായുസിന് വേണ്ടി നടത്തിയ പ്രാർത്ഥനയിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു. അന്ന് മുതൽ വിഷയം ഇദ്ദേഹം പാർട്ടിവിടുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. മുകുൾ റോയിയുടെ നേതൃത്വത്തിൽ നടത്തിയ കരുനീക്കമാണ് സബ്യസാചി ദത്ത ബിജെപിയിൽ ചേരാൻ കാരണം.