നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേ നാലുവട്ടം വിജയ് രൂപാണി ഗുജറാത്ത് ബിജെപി അധ്യക്ഷനായിരുന്നു, പിന്നീട് രണ്ടുവട്ടം രൂപാണി മുഖ്യമന്ത്രിയാവുകയും ചെയ്തു

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ ദാരുണ വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും. 2016 മുതല്‍ 2021 വരെ രണ്ടുവട്ടം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണി സംസ്ഥാനത്തെ ബിജെപിയുടെ കരുത്തനായ നേതാക്കളില്‍ ഒരാളായാണ് അറിയപ്പെടുന്നത്. വിജയ് രൂപാണി രണ്ടുവട്ടം നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് മന്ത്രി, രാജ്യസഭാംഗം എന്നിങ്ങനെ അനേകം ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കേ നാലുവട്ടം (2001-2014) വിജയ് രൂപാണി ഗുജറാത്ത് ബിജെപി അധ്യക്ഷനായിരുന്നു. 2016ല്‍ ബിജെപി സംസ്ഥാന പ്രസിഡൻറുമായി. അഹമ്മദാബാദില്‍ ഇന്നുണ്ടായ എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ 242 പേരാണ് മരണപ്പെട്ടത്. 

ജനനം മ്യാന്‍മാറില്‍, ജീവിതം രാജ്‌കോട്ടില്‍

ഇന്നത്തെ മ്യാന്‍മാറിലെ റംഗൂണിലായിരുന്നു 1956 സെപ്റ്റംബര്‍ രണ്ടിന് വിജയ് രൂപാണിയുടെ ജനനം. രംണിക്കാല്‍ രൂപാണി, മായാബെന്‍ എന്നിങ്ങനെയായിരുന്നു മാതാപിതാക്കളുടെ പേര്. 1960-ല്‍ ഇവരുടെ കുടുംബം ഗുജറാത്തിലെ രാജ്‌കോട്ടിലേക്ക് കുടിയേറി. വിദ്യാഭ്യാസ കാലത്ത് വിജയ് രൂപാണി എബിവിപി പ്രവര്‍ത്തകനായിരുന്നു. വിദ്യാഭ്യാസത്തിന് ശേഷം പിതാവിന്‍റെ സ്ഥാപനത്തില്‍ സ്റ്റോക്ക് ബ്രോക്കറായി ഔദ്യോഗിക ജീവിതം തുടങ്ങിയ വിജയ് രൂപാണി പിന്നീട് പൂര്‍ണ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായി മാറി. 1971ല്‍ ജനസംഘത്തില്‍ അംഗമായ അദേഹം സ്ഥാപനം മുതല്‍ ബിജെപിയുടെ ഭാഗവുമായി.

1976ല്‍ അടിയന്തരാവസ്ഥക്കാലത്ത് 11 മാസക്കാലം ജയില്‍വാസം അനുഭവിച്ചു. 1987ല്‍ രാജ്‌കോട്ട് സിവില്‍ ബോഡി കൗണ്‍സിലറായി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചു. ഇതിന് ശേഷം 1996 മുതല്‍ 1997 വരെ രാജ്‌കോട്ട് മേയറുടെ പദവി അലങ്കരിച്ചു. മുഖ്യമന്ത്രിയാകും മുമ്പ് 2006-2012 കാലത്ത് ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാംഗം എന്ന നിലയില്‍ വിജയ് രൂപാണി ദേശീയ ശ്രദ്ധ നേടിയിരുന്നു.

നിയമസഭാ പ്രവേശനം

2014ല്‍ രാജ്‌കോട്ട് വെസ്റ്റ് മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയത്തോടെയാണ് വിജയ് രൂപാണി ആദ്യമായി ഗുജറാത്ത് നിയമസഭയിലെത്തിയത്. 2014 നവംബറില്‍ ആനന്ദിബെൻ പട്ടേല്‍ മന്ത്രിസഭയുടെ ആദ്യ അഴിച്ചുപണിയില്‍ തന്നെ രൂപാണി സംസ്ഥാന കാബിനറ്റില്‍ മന്ത്രിയായി. ഗതാഗത, ജല വിതരണ, തൊഴില്‍ തുടങ്ങിയ വകുപ്പുകളാണ് അദേഹം കൈകാര്യം ചെയ്തത്.

മുഖ്യമന്ത്രി പദവിയില്‍

2015 ജൂലൈ മുതല്‍ ഗുജറാത്ത് രാഷ്ട്രീയത്തെ ഇളക്കിമറിച്ച പട്ടീദാർ പ്രക്ഷോഭത്തിനിടെ അന്നത്തെ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിന് രാജിവെച്ച് സ്ഥാനമൊഴിയേണ്ടിവന്നു. ആനന്ദിബെന്നിന് പകരക്കാരനായി 2016 ഓഗസ്റ്റ് ഏഴിന് ഗുജറാത്തിന്‍റെ 16-ാം മുഖ്യമന്ത്രി പദവിയില്‍ വിജയ് രൂപാണി സ്ഥാനമേറ്റു. പട്ടീദാർ പ്രക്ഷോഭ അലയൊലികള്‍ സംസ്ഥാനത്ത് തുടര്‍ന്നിരുന്നു എന്നതിനാല്‍ 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് ക്ഷീണമായി. മുഖ്യമന്ത്രി വിജയ് രൂപാണി നേരിട്ട് ബിജെപിയെ തെരഞ്ഞെടുപ്പ് ഗോദയില്‍ നയിച്ചെങ്കിലും പാര്‍ട്ടി തിരിച്ചടി നേരിടുകയായിരുന്നു. 115 സീറ്റിൽ നിന്ന് ബിജെപിയുടെ അംഗസംഖ്യ 99 ആയി കുറഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എതിരാളിയെ തോല്‍പിച്ച് രാജ്‌കോട്ട് വെസ്റ്റിൽ നിന്ന് വീണ്ടും നിയമസഭയിലെത്തിയ വിജയ് രൂപാണി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ 2021 സെപ്റ്റംബർ 12ന് വിജയ് രൂപാണി പാര്‍ട്ടി നിര്‍ദേശപ്രകാരം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചൊഴിഞ്ഞു.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്