തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്‌ടറില്‍ പരിശോധന നടത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത ഉദ്യോഗസ്ഥനാണ്‌ മുഹമ്മദ്‌ മുഹ്‌സിന്‍.

ഭുവനേശ്വര്‍: തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്‌ടറില്‍ പരിശോധന നടത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ സസ്‌പെന്‍ഡ്‌ ചെയ്‌ത ഉദ്യോഗസ്ഥനാണ്‌ മുഹമ്മദ്‌ മുഹ്‌സിന്‍. സൈനികവിഭാഗത്തിന്റെ പ്രത്യേക സുരക്ഷ ലഭിക്കുന്നവരെ പരിശോധിക്കാന്‍ പാടില്ലെന്ന തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ നിര്‍ദേശം ലംഘിച്ചെന്ന്‌ കാണിച്ചാണ്‌ മുഹമ്മദ്‌ മുഹ്‌സിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌. കേന്ദ്രസര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും പരസ്യമായി വിമര്‍ശിക്കാന്‍ ധൈര്യം കാട്ടിയിരുന്ന ഐഎഎസ്‌ ഉദ്യോഗസ്ഥന്‍ കൂടിയാണ്‌ അദ്ദേഹം.

1996 ബാച്ചിലെ കര്‍ണാടക കേഡര്‍ ഐഎഎസ്‌ ഉദ്യോഗസ്ഥനായ മുഹ്‌സിന്‍ ഒഡീഷയിലെ തെരഞ്ഞെടുപ്പ്‌ നിരീക്ഷണ ചുമതലയില്‍ ഇരിക്കുമ്പോഴാണ്‌ പ്രധാനമന്ത്രിയുടെ ഹെലികോപ്‌ടര്‍ പരിശോധിച്ചത്‌. ചൊവ്വാഴ്‌ച്ച ഒഡീഷയിലെ സമ്പല്‍പൂരിലായിരുന്നു സംഭവം.

കര്‍ണാടകയിലെ പിന്നാക്ക ക്ഷേമ വകുപ്പില്‍ 2016 മുതല്‍ ജോലി ചെയ്‌തുവരികയായിരുന്നു മുഹ്‌സിന്‍. പട്‌ന സ്വദേശിയായ മുഹ്‌സിന്‍ മഗധ്‌ സര്‍വ്വകലാശാലയില്‍ നിന്ന്‌ ധനതത്വശാസ്‌ത്രത്തില്‍ ബിരുദവും പട്‌ന സര്‍വ്വകലാശാലയില്‍ നിന്ന്‌ സാമ്പത്തികശാസ്‌ത്രത്തില്‍ ബിരുദാനന്തരബിരുദവും നേടിയശേഷമാണ്‌ സിവില്‍ സര്‍വ്വീസുകാരനാകുന്നത്‌. കര്‍ണാടകയിലെ കുന്ദാപുര ജില്ലയില്‍ സബ്‌ഡിവിഷണല്‍ മജിസ്‌ട്രേറ്റായാണ്‌ അദ്ദേഹം ഐഎഎസ്‌ ജീവിതം ആരംഭിച്ചത്‌.

നേരിട്ടും സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ വഴിയും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചിട്ടുള്ള ചരിത്രമാണ്‌ മുഹ്‌സിന്‌ ഉള്ളത്‌. തൊഴിലില്ലായ്‌മ, റഫാല്‍ ഇടപാട്‌, പുല്‍വാമ ആക്രമണം, ഗൗരി ലങ്കേഷിന്റെയും എംഎം കലബുര്‍ഗിയുടെയും ഉള്‍പ്പടെയുള്ള കൊലപാതകങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലെല്ലാം സര്‍ക്കാരിനെയും പ്രധാനമന്ത്രിയെയും മുഹ്‌സിന്‍ നിശിതമായി വിമര്‍ശിച്ചിരുന്നു.