Asianet News MalayalamAsianet News Malayalam

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആര്? ഭിന്നത രൂക്ഷം, നിര്‍ണായക പ്രവര്‍ത്തക സമിതി യോഗം ഇന്ന്

അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും, രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുലിന് താൽപര്യമില്ലെങ്കിൽ സംഘടനയെ ചലിപ്പിക്കാൻ കെൽപ്പുള്ള മറ്റൊരാളെ കണ്ടെത്തണമെന്ന് 23 നേതാക്കൾ സോണിയ ഗാന്ധിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടിരുന്നു.

who will be congress cheif working committee today
Author
Delhi, First Published Aug 24, 2020, 6:54 AM IST

ദില്ലി: കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇന്ന് ദില്ലിയിൽ നിർണായക പ്രവർത്തക സമിതി ചേരും. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം. സോണിയ ഗാന്ധി ഒഴിയാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ പകരം ആര് എന്നതാണ് യോഗത്തില്‍ പ്രധാന ചർച്ചയാവുക.

അധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും, രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുലിന് താൽപര്യമില്ലെങ്കിൽ സംഘടനയെ ചലിപ്പിക്കാൻ കെൽപ്പുള്ള മറ്റൊരാളെ കണ്ടെത്തണമെന്ന് 23 നേതാക്കൾ സോണിയ ഗാന്ധിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ആരേയും നിർദ്ദേശിക്കില്ലെന്നും അധ്യക്ഷനെ പാർട്ടി കണ്ടെത്തട്ടേയെന്നുമാണ് സോണിയയുടെ നിലപാട്. എ കെ ആന്‍റണി, മൻമോഹൻ സിംഗ്‌, മുകുൾ വാസ്നിക് തുടങ്ങിയവർ പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന. ഇതിനിടെ പാര്‍ട്ടിയില്‍ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി ഭിന്നത രൂക്ഷമായിട്ടുണ്ട്. 

നേതൃത്വത്തെ ചോദ്യം ചെയ്തവർക്കെതിരെ നടപടി വേണമെന്ന് എംപിമാർ ആവശ്യപ്പെട്ടു. രാജീവ് സത്വ, മാണിക്കം ഠാക്കൂര്‍  എന്നിവരാണ്‌ ഇക്കാര്യം ആവശ്യപ്പെട്ടത്. 23 പേരല്ല കോൺഗ്രസെന്ന് മാണിക്കം ഠാക്കൂര്‍  പറഞ്ഞു. സോണിയ ഗാന്ധി തുടരുകയോ രാഹുൽ ഗാന്ധി ഏറ്റെടുക്കുകയോ വേണമെന്ന് പകുതിയിലധികം എംപിമാരാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, നേതൃസ്ഥാന ചര്‍ച്ചകള്‍ കൊടുമ്പിരി കൊണ്ടിരിക്കെ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തയ്യാറായേക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറിയായി തുടരാനാണ് താല്‍പര്യമെന്ന് പ്രിയങ്കയും അറിയിച്ചതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന് സ്ഥിരം നേതൃത്വം വേണമെന്ന് ഇരുപതോളം നേതാക്കള്‍ സോണിയാ ഗാന്ധിക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടത്.

തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായ സോണിയ, സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ചില നേതാക്കള്‍ ആവശ്യപ്പെട്ടു. സോണിയ ഗാന്ധി രാജിവെക്കേണ്ടെന്ന നിലപാടാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാദലും സ്വീകരിച്ചത്. എന്നാല്‍, രാഹുല്‍ സ്ഥാനമേറ്റെടുക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios