സീഹോർ: മധ്യപ്രദേശിലെ സീഹോറിൽ വെച്ച് നടന്ന ഒരു സമ്മേളനത്തിൽ ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂർ നടത്തിയ പ്രസംഗത്തിലെ ഒരു പരാമർശം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. "ബ്രാഹ്മണരെ ബ്രാഹ്മണർ എന്ന് വിളിച്ചാൽ, ക്ഷത്രിയരെ ക്ഷത്രിയർ എന്ന് വിളിച്ചാൽ  പ്രശ്നമുണ്ടാകുന്നില്ല, എന്നാൽ ശൂദ്രരെ ശൂദ്രർ എന്നുവിളിച്ചാൽ ഉടൻ അത് വലിയ പ്രശ്‌നമാകുന്നത് എന്തുകൊണ്ടാണ്? നമ്മുടെ നാട്ടിലെ സാമൂഹികക്രമത്തെക്കുറിച്ചുള്ള ജനങ്ങളുടെ അജ്ഞതയാണ് ഇങ്ങനെയുള്ള സംഘർഷങ്ങൾക്ക് കാരണമാകുന്നത്." 

 


സീഹോറിൽ നടന്ന ക്ഷത്രിയ സഭയുടെ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് പ്രഗ്യാ സിംഗ് നടത്തിയ പ്രസംഗമാണ് ഇക്കുറി വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ളത്. "ഹിന്ദുമതത്തിൽ, സമൂഹത്തിൽ ഒരു ക്രമം സ്ഥാപിക്കുന്നതിന്റെ ഭാഗമായി, നാല് വർഗ്ഗങ്ങൾ വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. ക്ഷത്രിയ ധർമം അനുഷ്ഠിക്കുന്നവരെ ക്ഷത്രിയർ എന്ന് വിളിക്കുമ്പോൾ അവർക്കത് വിഷമമുണ്ടാക്കുന്നില്ല. ബ്രാഹ്മണരെ ബ്രാഹ്മണർ എന്ന് വിളിച്ചാലോ, വൈശ്യരെ വൈശ്യരെന്നു വിളിച്ചാലോ അത് അവരെ വിഷമിപ്പിക്കാറില്ല. പക്ഷേ, ശൂദ്രരെ ശൂദ്രരെന്നു വിളിക്കുമ്പോൾ മാത്രം അത് അവർക്ക് അപമാനകരമായി അനുഭവപ്പെടുന്നത് എന്തുകൊണ്ടാവും? സത്യത്തിൽ, അതിന്റെ കാരണം, ഹിന്ദുമതത്തിലെ ചാതുർവർണ്യ വ്യവസ്ഥയെക്കുറിച്ചുള്ള അജ്ഞതയാണ്."  പ്രഗ്യാസിങ് തന്റെ പ്രസംഗത്തിൽ പരാമർശിച്ചു.. 

രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന കൂട്ടർക്കിടയിൽ കടുത്ത ജനസംഖ്യാ നിയന്ത്രണ നിയമങ്ങൾ നടപ്പിൽ വരുത്തണം എന്നും പ്രഗ്യ സിംഗ് പറഞ്ഞു. ദില്ലിയിലെ കർഷകസമരം കേന്ദ്രത്തിനെതിരെ നടക്കുന്ന ഇടതു കോൺഗ്രസ് ഗൂഢാലോചന മാത്രമാണെന്നും അവർ പറഞ്ഞു. കേന്ദ്രം നിർദേശിച്ച കർഷക നിയമങ്ങൾ പഴുതടച്ചതാണ് എന്നും അതിൽ ഒരു മാറ്റത്തിന്റെയും ആവശ്യമില്ല എന്നും, അതിനെതിരെ സമരം ചെയ്യുന്നവരെ ഉടനടി ജയിലിൽ പറഞ്ഞയക്കുകയാണ് വേണ്ടത് എന്നും പ്രഗ്യാ സിങ് ഠാക്കൂർ പ്രതികരിച്ചു.