ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ മകൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയ യുവാവിനെ, ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി വെട്ടിക്കൊന്നു
അമരാവതി: ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ മകൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയ യുവാവിനെ, ഭാര്യയും കാമുകനും ചേർന്ന് ആസൂത്രിതമായി വെട്ടിക്കൊന്നു. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകം തന്നെ ഡിജിറ്റൽ തെളിവുകളുടെയും സിസിടിവി ദൃശ്യങ്ങളുടെയും സഹായത്തോടെ പോലീസ് പ്രതികളെ പിടികൂടി. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ രമേശ് (23) ആണ് കൊല്ലപ്പെട്ടത്. ഹോസൂരിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. രണ്ട് വർഷം മുമ്പാണ് ഇയാൾ ഹാസിനി (19) എന്ന പെൺകുട്ടിയെ വിവാഹം കഴിച്ചത്. ഇരുവർക്കും ഒരു ചെറിയ മകളുണ്ട്. പുറമേക്ക് സാധാരണ ദാമ്പത്യമെന്ന് തോന്നിച്ചെങ്കിലും, ഹാസിനി തന്‍റെ കുട്ടിക്കാലത്തെ സുഹൃത്തായ യുഗന്ധർ (20) എന്ന യുവാവുമായി പ്രണയം തുടർന്നിരുന്നു. രമേശിനെ ഒഴിവാക്കി ഒരുമിച്ച് ജീവിക്കാൻ ഇരുവരും ചേർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ക്ഷേത്രത്തിൽ ദർശനം നടത്താമെന്ന് നിർബന്ധിച്ച് ഹാസിനി രമേശിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. യാത്രയ്ക്കിടയിൽ ഹാസിനി തന്‍റെ ഫോണിലൂടെ കാമുകനായ യുഗന്ധറിന് ലൈവ് ലൊക്കേഷൻ നിരന്തരം പങ്കുവെച്ച് ഇവരെ പിന്തുടരാൻ സഹായിക്കുകയായിരുന്നു. മലയോര പാതയിലെ മൂന്നാമത്തെ ഹെയർപിൻ വളവിന് സമീപം എത്തിയപ്പോൾ ഹാസിനി തന്‍റെ ഹാൻഡ്‌ബാഗ് മനപ്പൂർവ്വം താഴെയിട്ടു. ബാഗ് എടുക്കാനായി രമേശ് ബൈക്ക് നിർത്തിയ ഉടൻ, ഒളിച്ചിരുന്ന യുഗന്ധറും കൂട്ടാളികളും മാരകായുധങ്ങളുമായി രമേശിനെ ആക്രമിച്ചു. പ്രാണരക്ഷാർത്ഥം ഓടിയ രമേശിനെ 100 മീറ്ററോളം പിന്തുടർന്ന് കാട്ടിലിട്ട് ഇവർ വെട്ടിക്കൊല്ലുകയായിരുന്നു. ഈ ക്രൂരത നടക്കുമ്പോൾ ദമ്പതികളുടെ കുഞ്ഞും സമീപത്തുണ്ടായിരുന്നു.
ക്ഷേത്രത്തിന് പോയ മകളെയും ഭർത്താവിനെയും കാണാതായതിനെ തുടർന്ന് ഹാസിനിയുടെ അമ്മ പോലീസിൽ പരാതി നൽകിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. ക്ഷേത്രത്തിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, രമേശിനൊപ്പം ബൈക്കിൽ പോയ ഹാസിനി, പിന്നീട് രമേശിന്‍റെ ബൈക്കിൽ മറ്റ് രണ്ട് പുരുഷന്മാർക്കൊപ്പം തിരികെ വരുന്നത് പോലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നടത്തിയ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധനയിലാണ് രമേശിന്‍റെ മൃതദേഹം കണ്ടെത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
ഭാര്യ ഹാസിനി, കാമുകൻ യുഗന്ധർ, ഇവരെ സഹായിച്ച മറ്റ് രണ്ട് കൂട്ടാളികൾ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കൂടാതെ, വിവാഹ സമയത്ത് ഹാസിനി ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും പ്രായപൂർത്തിയാകാത്തവളും ആയിരുന്നുവെന്ന് നാട്ടുകാർ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വന്നാൽ ബാലവിവാഹ നിരോധന നിയമപ്രകാരവും പോലീസ് കേസ് രജിസ്റ്റർ ചെയ്യും.



