ദില്ലി: പാർട്ടി വിട്ടേക്കുമെന്ന അഭ്യുഹങ്ങൾക്കിടെ,  മുതിർന്ന കോൺഗ്രസ്‌ നേതാവും ഹരിയാന മുൻ മുഖ്യമന്ത്രിയുമായ ഭൂപീന്ദർ സിംഗ് ഹൂഡയുടെ അനുയായികൾ ദില്ലിയിൽ യോഗം ചേരുന്നു. ഹൈക്കമാന്റിനെ  സമ്മർദത്തിലാക്കാനുള്ള ഹൂഡയുടെ തന്ത്രത്തിന്റെ ഭാഗമായാണ് യോഗം എന്ന് റിപ്പോർട്ടുകളുണ്ട്. 

ഹൂഡ നിയോഗിച്ച 30 അംഗ കമ്മിറ്റിയാണ് ദില്ലിയില്‍ യോഗം ചേരുന്നത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന 13 എംഎല്‍എ മാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പാർട്ടിയിൽ തുടരണോ എന്ന് യോഗം തീരുമാനമെടുക്കും. അശോക് തൻവറെ മാറ്റി ഹരിയാന പിസിസി അധ്യക്ഷനായി ഭൂപീന്ദർ ഹൂഡയെ നിയോഗിക്കണമെന്നാണ് ഇവരുടെ ആവശ്യം. 

ഓഗസ്റ് 18 നു റോത്തക്കിൽ നടന്ന റാലിയിൽ ഹൂഡ പാര്‍ട്ടി വിടുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍, ഹൂഡ തീരുമാനം മാറ്റുകയായിരുന്നു. സോണിയ ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷയായ സാഹചര്യത്തിൽ ഹൂഡ പാർട്ടി വിടില്ലെന്നാണ് ഹൈക്കമാൻഡിന്‍റെ പ്രതീക്ഷ.