ഒരു നായ ചത്താല്‍പോലും നമ്മള്‍ അനുശോചിക്കും. എന്നാല്‍ 250 കര്‍ഷകര്‍ മരിച്ചിട്ടും ആരും ഇതുവരെ അനുശോചനമറിയിച്ചില്ല- അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യമെല്ലാം പറഞ്ഞത്. 

ദില്ലി: കാര്‍ഷിക സമരത്തെ പിന്തുണച്ചും കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തും മേഘാലയ ഗവര്‍ണറും മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണറുമായ സത്യപാല്‍ മലിക്. മൂന്ന് മാസം നീണ്ട കര്‍ഷക സമരത്തെ തുടര്‍ന്ന് യുപി, രാജസ്ഥാന്‍, ഹരിയാന സംസ്ഥാനങ്ങളിലെ പിന്തുണ ബിജെപിക്ക് നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. 'ഒരു നായ ചത്താല്‍പോലും നമ്മള്‍ അനുശോചിക്കും. എന്നാല്‍ 250 കര്‍ഷകര്‍ മരിച്ചിട്ടും ആരും ഇതുവരെ അനുശോചനമറിയിച്ചില്ല'- അദ്ദേഹം പറഞ്ഞു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തുറന്നടിച്ചത്.

കര്‍ഷക പ്രക്ഷോഭം തുടരുകയാണെങ്കില്‍ പടിഞ്ഞാറന്‍ യുപി, രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളില്‍ ബിജെപി പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സമരത്തെക്കുറിച്ച് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവരുമായി സംസാരിച്ചിരുന്നു. വെറും കൈയോടെ സമരക്കാര്‍ മടങ്ങില്ല. സമരക്കാരുമായി തുറന്ന ചര്‍ച്ചക്ക് കേന്ദ്രം തയ്യാറാകണം. സര്‍ക്കാറിന് ഞാന്‍ ഉപദ്രവമാണ് ചെയ്യുന്നതെന്ന് അവര്‍ക്ക് തോന്നിയാല്‍ ഞാന്‍ രാജിവെക്കും. ഗവര്‍ണറല്ലെങ്കിലും ഇക്കാര്യത്തില്‍ താന്‍ സംസാരിക്കുമെന്നും സത്യപാല്‍ മലിക് പറഞ്ഞു.

ജനം ബിജെപി എംഎല്‍എമാരെ മര്‍ദ്ദിക്കുന്നതിനാല്‍ നേതാക്കള്‍ക്ക് ഗ്രാമം വിട്ട് പോകാനാകുന്നില്ല. പ്രശ്‌നത്തിന് പരിഹാരം ആഗ്രഹിക്കാത്തവരാണ് സര്‍ക്കാറിനെ ദ്രോഹിക്കുന്നത്. എന്റെ പ്രസ്താവന പാര്‍ട്ടിക്ക് ദ്രോഹമല്ല, മറിച്ച് തങ്ങള്‍ക്ക് വേണ്ടി ആരെങ്കിലും സംസാരിക്കാനുണ്ടെന്ന് കര്‍ഷകര്‍ക്ക് തോന്നുമെന്നും അദ്ദേഹം പറഞ്ഞു.