ദില്ലി: ആവശ്യം വന്നാല്‍ കശ്മീരില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ജമ്മുകശ്മീർ ഹൈക്കോടതിയിൽ ജനങ്ങൾക്ക് പോകാൻ കഴിയുന്നില്ലെന്ന പരാതിയിലാണ് സുപ്രീംകോടതി നിരീക്ഷണം. ഇത് സംബന്ധിച്ച് ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട്  സുപ്രീം കോടതി റിപ്പോർട്ട് തേടി. ആരോപണം ഗൗരവമേറിയതാണെന്ന് സുപ്രീം കോടതി വിലയിരുത്തി. ആരോപണം സത്യമാണെങ്കിൽ താൻ കശ്മീരിൽ പോയി നടപടി സ്വീകരിക്കും എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.