ലക്നൗ: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്‍റെ പേരില്‍ ഭാര്യയെ മുത്തലാഖ് ചൊല്ലിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ അയോധ്യയിലാണ് സംഭവം.

അയോധ്യയിലെ ജന ബസാറ്‍ സ്വദേശിയായ സഫ്രിന്‍ അഞ്ജുമിനെയാണ് ഭര്‍ത്താവ് അസ്തിഖര്‍ അഹമ്മദ് ഓഗസ്റ്റ് 18ന് മുത്തലാഖ് ചൊല്ലിയത്. സ്ത്രീധനം നല്‍കാത്തതിന്‍റെ പേരിലും തനിക്ക് മര്‍ദ്ദനമേറ്റിരുന്നുവെന്നും 23കാരിയായ സഫ്രിന്‍ പറഞ്ഞു. 

വിവാഹം കഴിഞ്ഞ് ആദ്യമാസം മുതല്‍ ഭര്‍ത്താവ് സ്ത്രീധനത്തിന്‍റെ പേരില്‍ തന്നെ ഉപദ്രവിച്ചിരുന്നു. പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതോടെ മൊഴിചൊല്ലുകയും ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

നവംബര്‍ 2018 ലാണ് ഇരുവരും വിവാഹിതരായത്. യുവതി നല്‍കിയ പരാതിയില്‍ അസ്തിഖറിനെതിരെ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടികള്‍ ഉടനുണ്ടാകുമെന്നുംഅയോധ്യ റൂറല്‍ എസ് പി ശൈലേന്ദ്രകുമാര്‍ സിംഗ് പറഞ്ഞു.