പറഞ്ഞത് അംഗീകരിക്കാതെ യുവതി എല്ലാവരെയും അസഭ്യം പറഞ്ഞു. ഏതാനും യാത്രാക്കാരും പ്രശ്നത്തിൽ ഇടപെട്ടതോടെ യുവതി അവരെയും അസഭ്യം പറഞ്ഞു.

ബംഗളുരു: വിമാനത്തിനകത്ത് ജീവനക്കാരുമായും സഹയാത്രികരുമായും പ്രശ്നങ്ങളുണ്ടാക്കിയ വനിതാ ഡോക്ടർ കാരണം യാത്ര വൈകിയത് രണ്ട് മണിക്കൂറിലധികം. ഒടുവിൽ ഈ യാത്രക്കാരിയെ പുറത്തിറക്കിയ ശേഷമാണ് വിമാനത്തിന് പുറപ്പെടാനായത്. വിമാനത്തിൽ നിന്നിറക്കി പൊലീസ് സ്റ്റേഷനിലെത്തിയ യുവതി അവിടെയും അസഭ്യവർഷം തുടർന്നു.

ബംഗളുരുവിൽ നിന്ന് സൂറത്തിലേക്ക് പുറപ്പെടാനൊരുങ്ങിയ ഐഎക്സ് 2749 വിമാനത്തിലായിരുന്നു നാടകീയ സംഭവങ്ങൾ. ബംഗളുരു യെലഹങ്ക സ്വദേശിനായ ആയൂർവേദ ഡോക്ടർ വ്യാസ് ഹിരൽ മോഹൻഭായ് (36) രണ്ട് ബാഗുകളുമായാണ് യാത്രയ്ക്കെത്തിയത്. ചെക്ക് ഇൻ കൗണ്ടറിൽ ഇവ നൽകാതെ രണ്ട് ബാഗുകളും കൈയിൽ തന്നെ പിടിച്ച് ഇവർ വിമാനത്തിൽ കയറി. ശേഷം ഒരു ബാഗ് തന്റെ 20എഫ് സീറ്റിന് മുകളിലുള്ള കാരിയറിൽ വെച്ചു. രണ്ടാമത്തെ ബാഗ് ഇവർ ക്യാബിൻ ക്രൂ ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് കൊണ്ടുവെയ്ക്കുകയായിരുന്നു.

ബാഗ് ഇവിടെ വെയ്ക്കാനാവില്ലെന്നും സീറ്റിന് മുകളിലുള്ള കാരിയറിൽ തന്നെ വെയ്ക്കണമെന്നും ജീവനക്കാർ പറഞ്ഞെങ്കിലും യുവതി സമ്മതിച്ചില്ല. ജീവനക്കാരുടെ ക്യാബിന്റെ അടുത്ത് തന്നെ ബാഗ് വെയ്ക്കണമെന്ന് നിർബന്ധം പിടിച്ചു. പല തവണ ജീവനക്കാർ ആവശ്യപ്പെട്ടിട്ടും കേൾക്കാതെ വന്നതോടെ പിന്നീട് ക്യാപ്റ്റനും യുവതിയെ സമീപിച്ച് ഇതേ ആവശ്യമുന്നയിച്ചു. പറഞ്ഞത് അംഗീകരിക്കാതെ യുവതി എല്ലാവരെയും അസഭ്യം പറഞ്ഞു. ഏതാനും യാത്രാക്കാരും പ്രശ്നത്തിൽ ഇടപെട്ടതോടെ യുവതി അവരെയും അസഭ്യം പറഞ്ഞു. ഒരുവേള തന്റെ ബാഗ് അവിടെ നിന്ന് നീക്കിയാൽ വിമാനം തകർക്കുമെന്നു വരെ യുവതി പറഞ്ഞു.

പ്രശ്നം ഗുരുതരമായതോടെ ക്യാപ്റ്റൻ സുരക്ഷാ ജീവനക്കാരെയും സിഐഎസ്എഫിനെയും വിവരമറിയിച്ചു. ഇവർ വിമാനത്തിലെത്തി യുവതിയെ പുറത്തിറക്കി. ഉച്ചയ്ക്ക് 2.45ന് ആരംഭിച്ച പ്രശ്നങ്ങൾ വൈകുന്നേരം 5.30ഓടെയാണ് അവസാനിച്ചത്. എന്നാൽ വിമാനം പുറപ്പെട്ടെങ്കിലും വിമാനത്താവളത്തിലെ പ്രശ്നങ്ങൾ അവിടംകൊണ്ടും അവസാനിച്ചില്ല. എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ യുവതി അവിടെ ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞു.

Scroll to load tweet…

നഗരത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതിയുടെ ഭർത്താവ് ഇതിനിടെ പൊലീസ് സ്റ്റേഷനിലെത്തി. ഇയാൾ ഒ‍ഡിഷ സ്വദേശിയാണ്. നേരത്തെയും യുവതി പൊതുസ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ഭർത്താവ് അറിയിച്ചു. ഗുജറാത്ത് സ്വദേശിനിയായ യുവതി അവിടെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോവുകയായിരുന്നു. യുവതി ഇപ്പോൾ രോഗികളെ ചികിത്സിക്കാറില്ലെന്നും ഇയാൾ പൊലീസിനെ അറിയിച്ചു. ഇവരെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ് ഇപ്പോൾ.