ഭർത്താവ് വീട്ടിലെ തൂണിൽ ചങ്ങലയിട്ട് പൂട്ടിയിടുകയും ചൂടുള്ള ഇരുമ്പ് വടികൊണ്ട് പൊള്ളിക്കുകയും ചെയ്ത യുവതി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി

മധ്യപ്രദേശ്: ഭർത്താവ് വീട്ടിലെ തൂണിൽ ചങ്ങലയിട്ട് പൂട്ടിയിടുകയും ചൂടുള്ള ഇരുമ്പ് വടികൊണ്ട് പൊള്ളിക്കുകയും ചെയ്ത യുവതി രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. കഴുത്തിൽ ചങ്ങലയും പൂട്ടും തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ ആറ് കിലോമീറ്ററോളം നടന്ന് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് മംഗീഭായ് തൻവാർ എന്ന യുവതി ഖിൽച്ചിപൂർ പൊലീസ് സ്റ്റേഷനിലെത്തിയത്. സംഭവത്തിൽ ഭർത്താവ് സർദാർ സിംഗ് തൻവാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ

ജൂൺ 10-ന് രാത്രി മദ്യപിച്ചെത്തിയ സർദാർ സിംഗ് ഭാര്യ മംഗീഭായുമായി വഴക്കിട്ടു. എതിർത്ത യുവതിയെ ഇയാൾ മരക്കൊമ്പും വടിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. മർദ്ദനം സഹിക്കവയ്യാതെ അന്നുരാത്രി തന്നെ പൊലീസിൽ പരാതിപ്പെടാനായി മംഗീഭായ് വീട്ടിൽ നിന്നിറങ്ങി. എന്നാൽ വഴിമധ്യേ ഒരു ക്ഷേത്രത്തിന് സമീപം വെച്ച് ഭർത്താവ് ഇവരെ തടയുകയും വീണ്ടും മർദ്ദിച്ച് ബലമായി വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.

വീട്ടിലെത്തിച്ച ശേഷം ക്രൂരതയുടെ ആക്കം കൂടി. യുവതിയുടെ കഴുത്തിൽ ഇരുമ്പ് ചങ്ങലയിട്ട് വീടിന്‍റെ തൂണിൽ പൂട്ടിയിട്ടു. "ഇനി നീ എങ്ങനെ പോലീസിൽ പരാതിപ്പെടുമെന്ന് നോക്കാമല്ലോ" എന്ന് വെല്ലുവിളിച്ചായിരുന്നു ക്രൂരത. തുടർന്ന് ഗ്യാസ് സ്റ്റൗവിൽ ഇരുമ്പ് വടി ചൂടാക്കി യുവതിയുടെ അരക്കെട്ടിലും തുടയിലും പൊള്ളിച്ചു. യുവതി വേദനകൊണ്ട് നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല.

ഏകദേശം 24 മണിക്കൂറോളം യുവതിയെ ഇത്തരത്തിൽ തടങ്കലിൽ പാർപ്പിച്ചു. തുടർന്ന് നാട്ടുകാരെ കൂട്ടി ഒരു പഞ്ചായത്ത് വിളിച്ച്, പരാതിയിൽ നിന്ന് യുവതിയെ പിന്തിരിപ്പിക്കാൻ ഭർത്താവ് ശ്രമിച്ചു. ഭയന്നുപോയ യുവതി താൻ പരാതിപ്പെടുന്നില്ലെന്ന് അഭിനയിച്ചു. എന്നാൽ ഭർത്താവ് പഞ്ചായത്ത് വിളിക്കാനായി പുറത്തുപോയ സമയം നോക്കി യുവതി തന്‍റെ അടുത്തുകണ്ട ഒരു കല്ലെടുത്ത് ചങ്ങലയിലെ പൂട്ടിൽ തുടർച്ചയായി അടിച്ചു. ഒടുവിൽ പൂട്ട് തകരുകയും ചങ്ങല വേർപെടുകയും ചെയ്തു.

രക്ഷപ്പെട്ട യുവതി കഴുത്തിൽ ചങ്ങലയുടെ ബാക്കി ഭാഗവും പൂട്ടും തൂങ്ങിക്കിടക്കുന്ന അവസ്ഥയിൽ തന്നെ ഖിൽച്ചിപൂർ സ്റ്റേഷൻ ലക്ഷ്യമാക്കി നടന്നു. ഇരുട്ടിൽ കാട്ടുപാതകളിലൂടെയും പാടങ്ങളിലൂടെയും നടന്ന ഇവരുടെ കാലുകളിൽ മുള്ളുകൾ തറച്ച് ചോരയൊഴുകി. വഴിയിൽ കണ്ട ചിലർ യുവതിക്ക് ഭ്രാന്താണെന്ന് കരുതി അവഗണിച്ചെങ്കിലും, ഒരാൾ സഹതാപം തോന്നി ഇവർക്ക് ഭക്ഷണം നൽകി. രാത്രി പത്തോടെ കഴുത്തിൽ ചങ്ങലയുമായി സ്റ്റേഷനിലെത്തിയ യുവതിയെ കണ്ട് പൊലീസുകാർ അമ്പരന്നു. തുടർന്ന് പൊലീസ് ചങ്ങല നീക്കം ചെയ്യുകയും യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയും ചെയ്തു. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതിയായ ഭർത്താവ് സർദാർ സിംഗിനെ ഉടൻ തന്നെ ഗ്രാമത്തിൽ നിന്നു അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് ഖിൽച്ചിപൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ കമൽ സിംഗ് ഗെഹ്‌ലോട്ട് അറിയിച്ചു. ഭർത്താവ് തൻ്റെ ശബ്ദം അടിച്ചമർത്താൻ ഉപയോഗിച്ച ചങ്ങല തന്നെ ഒടുവിൽ അയാൾക്കെതിരെയുള്ള ഏറ്റവും വലിയ തെളിവായി യുവതി പൊലീസിന് മുന്നിലെത്തിക്കുകയായിരുന്നു.