അഹമ്മദാബാദ്: ആത്മഹത്യ ചെയ്യാനായി കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് ചാടിയ യുവതി വയോധികന്‍റെ മേല്‍ വീണു. അപകടത്തില്‍ ഇരുവരും മരിച്ചു. കെട്ടിടത്തിന്‍റെ  13ാം നിലയില്‍നിന്ന് ചാടിയ 30 കാരി, താഴെ നടന്നു പോകുന്ന 69 കാരന്‍റെ മേല്‍ വീഴുകയായിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലെ ഖൊഖ്‍രയിലാണ് സംഭവം. കെട്ടിടത്തില്‍നിന്ന് ചാടിയ മംമ്ത ഹന്‍സ്‍രാജ്, റിട്ട. അധ്യാപകന്‍ ബാലു ഗമിത് എന്നിവരാണ് മരിച്ചത്.

കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് ചാടിയ യുവതി, പ്രഭാത നടത്തത്തിനിറങ്ങിയ അധ്യാപകന്‍റെ മേല്‍ വീഴുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഒരേ അപ്പാര്‍ട്ട്മെന്‍റിലാണ് ഇരുവരും താമസിക്കുന്നത്. അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ആര്‍ടി ഉദവത് മാധ്യമങ്ങളോട് പറഞ്ഞു. 

അസുഖം പിടിപെട്ടതിന്‍റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സഹോദരന്‍റെ ഫ്ലാറ്റിലാണ് യുവതിയും ഭര്‍ത്താവും മകളും താമസിക്കുന്നത്. ഭര്‍ത്താദ് ഹര്‍ഷദ് പട്ടേല്‍ സൂറത്തില്‍ വസ്ത്ര ഷോപ്പ് നടത്തുകയാണ്. രാത്രിയില്‍ ഉറങ്ങാനാകാത്ത അസുഖം പിടിപെട്ടതിനാല്‍ ഇവര്‍ കുറച്ച് ദിവസങ്ങളായി മനോവിഷമിത്തിലായിരുന്നു. രോഗത്തിനുള്ള ചികിത്സ നടക്കവേയാണ് ആത്മഹത്യ.