വീണുപോകാതിരിക്കാൻ മൃതദേഹം കെട്ടിവച്ച് പോകുന്ന അതിദാരുണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്...

ലക്നൗ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കൊവിഡ് രോ​ഗം ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഇ-റിക്ഷയിൽ വീട്ടിലെത്തിച്ച് ഭാര്യ. ആംബുലൻ‍സിന് നൽകാൻ പണമില്ലാതായതോടെയാണ് സ്ത്രീയ്ക്ക് ഭർത്താവിന്റെ മൃത​ദേഹം ഇ- റിക്ഷയിൽ വീട്ടിലെത്തിക്കേണ്ടി വന്നത്. ആശുപത്രികളിൽ നിന്ന് കൊവിഡ് രോ​ഗിയായ പിതാവിന് കിടക്കയോ ചികിത്സയോ കിട്ടിയില്ലെന്ന് മരിച്ചയാളുടെ മകൻ അറിയിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

വലിയ തുകയാണ് കൊവിഡ് രോ​ഗിയുമായി പോകാൻ ആംബുലൻസ് ഡ്രൈവർമാർ ആവശ്യപ്പെട്ടതെന്നും മകൻ പറഞ്ഞു. വീണുപോകാതിരിക്കാൻ മൃതദേഹം കെട്ടിവച്ച് പോകുന്ന അതിദാരുണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും മോശമായി കൊവിഡ് ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് യുപി. നിലവിൽ 2.85 ലകഷം പേർക്കാണ് യുപിയിൽ കൊവിഡ് ബാധിച്ചിരിക്കുന്നത്. ‌

ചൊവ്വാഴ്ച 30000 പേർക്കാണ് കൊവിഡ് ബാധിച്ചത്. 24 മണിക്കൂറിനിടെ 285 പേർ രോ​ഗം ബാധിച്ച് മരിച്ചു. രോ​ഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ട നടപടികളെടുക്കുന്നതിൽ മുഖ്യമന്ത്രി യോ​ഗി ആ​ദിത്യനാഥ് വലിയ പരാജയമാണെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി ആരോപിച്ചിരുന്നു.