ലഖ്നൗ: ബസുകളിലും മെട്രോകളിലും ട്രെയിനുകളിലും സ്ത്രീകള്‍ മാനസികവും ശാരീരികവുമായ അതിക്രമങ്ങൾക്ക് ഇരയാകാറുണ്ട്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് പുറത്തുവന്നിട്ടുമുണ്ട്. ഇതിനിടയിലാണ് ബസിൽ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ യുവാക്കളെ ഞൊടിയിടയിൽ പിടികൂടിയ പൊലീസുകാരെ പ്രശംസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരിക്കുന്നത്.

ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷൻ ബസിൽ യാത്ര ചെയ്യുന്നതിനിടയിലാണ് ഒരു യുവതി ട്വിറ്ററിലൂടെ പൊലീസിന്റെ സഹായം തേടിയത്. തന്റെ എതിർദിശയിലിരിക്കുന്ന ചിലർ ശല്യപ്പെടുത്തുന്നുവെന്നും ഫോൺ നമ്പർ ആവശ്യപ്പെടുകയാണെന്നുമായിരുന്നു ട്വീറ്റ്. പോസ്റ്റിനൊപ്പം ബസ് ടിക്കറ്റിന്റെ ഫോട്ടോയും യുവതി ട്വീറ്റ് ചെയ്തു.

ഉടൻ തന്നെ പൊലീസിന്റെ മറുപടിയുമെത്തി. ഇപ്പോൾ എവിടെയാണ് ലൊക്കേഷനെന്നും പൊലീസ് ട്വീറ്റിലൂടെ ചോദിച്ചു. പിന്നാലെ അയോധ്യ പൊലീസിനെ ടാഗ് ചെയ്ത യുപി പൊലീസിന്റെ ട്വിറ്റർ ഹാൻഡിൽ അടിയന്തിര നടപടിക്ക് നിർദ്ദേശം നൽകി. ഏതാനും നിമിഷങ്ങൾക്കു ശേഷം ഓടിക്കൊണ്ടിരുന്ന ബസ് പെട്ടെന്ന് നിർത്തി. ഇതിന് പിന്നാലെ ബസിലേക്ക് ഓടിക്കയറിയ പൊലീസുകാർ കുറച്ചുസമയത്തെ പരിശോധനയ്ക്ക് ശേഷം രണ്ട് യുവക്കളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

വാർത്ത പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് യുവതിയേയും പൊലീസുകാരേയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.