ഹൈദരാബാദ്: പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതിയില്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഹൈദരാബാദിലെ വുമണ്‍സ് കോളേജ്. സെന്‍റ് ഫ്രാന്‍സിസ് വുമണ്‍സ് കോളേജിലാണ് വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണം സംബന്ധിച്ച് പ്രത്യേക നിയമം രൂപീകരിച്ചത്. കാല്‍മുട്ടിന് താഴെ ഇറക്കമില്ലാത്ത കുര്‍ത്തികള്‍, ചെറിയ സ്ലീവ് ഉള്ള വസ്ത്രങ്ങള്‍, സ്ലീവ്‍ലെസുകള്‍ എന്നിവയ്ക്കാണ് ക്യാമ്പസിനുള്ളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ഓഗസ്റ്റ് ഒന്നുമുതലാണ് കോളേജില്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന് നിരവധി വിദ്യാര്‍ത്ഥിനികളെയാണ് കോളേജ് അധികൃതര്‍ ഇതിനോടകം ക്ലാസില്‍ നിന്ന് പുറത്താക്കിയത്. കാല്‍മുട്ടിന് ഒരിഞ്ച് മുകളിലുള്ള കുര്‍ത്തികള്‍ ധരിക്കുന്നതില്‍ നിന്ന് പോലും വിദ്യാര്‍ത്ഥികള്‍ക്ക് വിലക്കുണ്ട്.  നല്ല വിവാഹ ആലോചനകള്‍ ലഭിക്കണമെങ്കില്‍ ഇറക്കമുള്ള കുര്‍ത്തികള്‍ ധരിക്കണമെന്നാണ് കോളേജ് അധികൃതര്‍ വിദ്യാര്‍ത്ഥി  പ്രതിനിധികളോട് അറിയിച്ചതെന്ന് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനി സനോബിയ തുമ്പി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

ഈ വിഷയത്തിനെതിരെ പ്രതികരിക്കുന്നത് ഈശ്വര നിന്ദയാണെന്നും അധികൃതര്‍ വിദ്യാര്‍ത്ഥിനികളോട് പറഞ്ഞെന്നും കുറിപ്പില്‍ പറയുന്നു. കോളേജിന്‍റെ പ്രവേശന കവാടത്തില്‍ കാവലിന് നിര്‍ത്തിയ സ്ത്രീകള്‍ ചേര്‍ന്ന് പെണ്‍കുട്ടികളെ വസ്ത്രത്തിന്‍റെ പേരില്‍ തരംതിരിച്ച് നിര്‍ത്തുകയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയവരെ കോളേജിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കുന്ന വീഡിയോയും ഫേസ്ബുക്ക് കുറിപ്പിനൊപ്പം വിദ്യാര്‍ത്ഥിനി പങ്കുവെച്ചിട്ടുണ്ട്. 

കോളേജ് അധികൃതരുടെ നടപടി പ്രാകൃതവും കാലഹരണപ്പെട്ടതുമാണെന്നും ഇതിന്‍റെ പേരില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നഷ്ടമാകുകയും പരീക്ഷകളില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരികയും ചെയ്തതായും വിദ്യാര്‍ത്ഥിനികള്‍ അറിയിച്ചു. പുതിയ നിര്‍ദ്ദേശത്തിനെതിരെ തിങ്കളാഴ്ച പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനാണ് വിദ്യാര്‍ത്ഥിനികളുടെ തീരുമാനം.