മുംബൈ: ഛത്രപതി ശിവജിയെ അപമാനിക്കുന്ന ഒരു പ്രവര്‍ത്തിയും അനുവദിക്കാനാവില്ലെന്ന് ശിവസേന വക്താവ് സഞ്ജയ് റാവത്ത്. മോദിയെ അഭിനവ ശിവജിയായി വാഴ്ത്തുന്ന പുസ്തകം പുറത്തുവന്നത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ ദില്ലിയിലെ തെരഞ്ഞെടുപ്പില്‍ മോദിയെ ശിവജിയാക്കി വീഡിയോ പുറത്തിറക്കിയതോടെയാണ് ശിവസേന വീണ്ടും രംഗത്തെത്തിയത്. 

ബോളിവുഡ് താരം അജയ് ദേവഗണിന്‍റെ തന്‍ഹാജി എന്ന ചിത്രത്തിലെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്താണ് ശിവാജിയായി മോദിയെയും തന്‍ഹാജിയായി അമിത് ഷായെയും ചിത്രീകരിച്ചിരിക്കുന്നത്. ശിവജിയുടെ സൈനിക തലവനായിരുന്നു തന്‍ഹാജി.

ദില്ലിയിലെ മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി സ്ഥാപകനുമായ അരവിന്ദ് കെജ്രിവാളിനെ ഉദയ്ഭാന്‍ സിംഗ് റാത്തോറായും 100 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നു. 

വൈറലായ വീഡിയോക്കെതിരെ ശക്തമായ ഭാഷയിലാണ് സഞ്ജയ് റാവത്ത് പ്രതികരിച്ചത്.  ഛത്രപതി ശിവജി മഹാരാജിനെയും  സുബേദാര്‍ തന്‍ഹാജിയെയും രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതായി വാര്‍ത്തയില്‍ കണ്ടു. ശിവജി മഹാരാജ് ഞങ്ങള്‍ക്ക് ആരാധ്യനാണ്. അദ്ദേഹത്തെ അപമാനിക്കുന്നത് അനുവദിക്കില്ല'' - സഞ്ജയ് റാവത്ത് പറഞ്ഞു. 

ഛത്രപതി ശിവജിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും താരതമ്യം ചെയ്യുന്ന പുസ്തകത്തിനെതിരെ നേരത്തേ വിവാദമുണ്ടായിരുന്നു. ഈ ലേകത്ത് ഛത്രപതി ശിവാജിയുമായി ആരേയും താരതമ്യം ചെയ്യാനാകില്ലെന്ന്   ബിജെപി നേതാവ് ഉദയൻരാജെ ഭോസ്ലെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു.

'ശിവജി മഹാരാജിനെ മാത്രമേ ജനത രാജ (സ്വന്തം ജനങ്ങളെക്കുറിച്ച് എല്ലാം അറിയുന്ന രാജാവ്) എന്നു വിളിക്കാൻ സാധിക്കൂ. മറ്റാരെയെങ്കിലും അങ്ങനെ വിളിക്കുകയാണെങ്കിൽ അത് ശിവാജിയെ താഴ്ത്തിക്കെട്ടുന്നതിന് തുല്യമാകും' ഉദയൻരാജെ ഭോസ്ലെ പറഞ്ഞു.

ഒരു ജനത രാജയേ ഉള്ളൂ, അത് ഛത്രപതി ശിവജി മഹാരാജ് ആണ്. അതുകൊണ്ട് ഒരാളെ ജനത രാജ എന്ന് വിളിക്കുന്നതിന് മുമ്പ് ശരിക്കും ആലോചിക്കണമെന്നും ഉദയൻരാജെ പറഞ്ഞു. 'ആജ് കേ ശിവാജി: നരേന്ദ്ര മോദി' എന്ന പുസ്തകത്തിലാണ് ബിജെപി നേതാവ് ജയ് ഭഗവാന്‍ ഗോയല്‍ മോദിയെ ശിവജിയോട് താരതമ്യപ്പെടുത്തിയത്.  ഇതിനെതിരെ ശിവസേന, കോൺഗ്രസ്, എൻസിപി പാർട്ടികൾ രംഗത്തെത്തിയിരുന്നു. ദില്ലിയിലെ ബിജെപി ഓഫീസില്‍വച്ചായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്. 

അതേസമയം, പുസ്തകം വിവാദമായതിനിടെ പ്രതികരണവുമായി ജയ് ഭഗവാന്‍ ഗോയല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അധികാരത്തിലെത്തിയ അന്നുമുതല്‍ മോദി യോദ്ധാവായ ശിവജിയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹത്തിന്‍റെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതരാണെന്ന തോന്നലുണ്ടായെന്നുമാണ് ജയ് ഭഗവാന്‍ ഗോയല്‍ പറഞ്ഞത്.