ലഖ്‌നൗ: പുതിയ പഞ്ചായത്ത് കെട്ടിടത്തിന് അടിത്തറയിടാൻ കുഴിയെടുത്തപ്പോൾ കിട്ടിയത് അപൂർവ നിധി. ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയിലാണ് 19-ാം നൂറ്റാണ്ടില്‍ ഉപയോഗിച്ചിരുന്ന വെള്ളി, വെങ്കല നാണയങ്ങള്‍ കണ്ടെത്തിയത്. ജോലിയ്ക്കിടെ ലഭിച്ച മൺകുടത്തിലാണ് നാണയങ്ങൾ കണ്ടെത്തിയത്. 

1862 കാലത്ത് ഉപയോഗിച്ച നാണയങ്ങളാണ് ഇവയെന്ന് അധികൃതർ പറയുന്നു.  17 വെള്ളി നാണയങ്ങളും 287 വെങ്കല നാണയങ്ങളുമാണ് ലഭിച്ചത്. ഇവ സഫിപൂര്‍ ട്രഷറിയില്‍ നിക്ഷേപിച്ചതായി സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു.

മണ്‍കുടം കണ്ടെത്തിയതിന് പിന്നാലെ തൊഴിലാളികള്‍ നാണയങ്ങൾ തട്ടിയെടുക്കാൻ ശ്രമിക്കുകയും ഇതേചൊല്ലി വാക്കുതർക്കങ്ങൾ ഉണ്ടാകുകയും ചെയ്തു. ചിലര്‍ നാണയങ്ങളുമായി കടന്നുകളഞ്ഞു. ഇതിനിടെ വിവരം അറിഞ്ഞെത്തിയ പൊലീസുകാർ തൊഴിലാളികളില്‍ നിന്ന് നാണയങ്ങള്‍ വീണ്ടെടുക്കുകയായിരുന്നു. ചില ആളുകളില്‍ ഇപ്പോഴും നാണയങ്ങള്‍ ഉണ്ടാകാമെന്നും അത് കണ്ടെത്താനുള്ള ശ്രമം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു.