ബിജെപിയുടെ അടിത്തറ വ്യാജവും വിദ്വേഷവും അടിസ്ഥാനമാക്കിയുള്ളതാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി

​ഗോരഖ്പൂര്‍: ബിജെപിക്കെതിരെ വിമർശനമുന്നയിച്ച് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ജനാധിപത്യത്തിന് എതിരാണ് ബിജെപിയെന്ന് ലോകം പറയാൻ ആരംഭിച്ചുവെന്ന് അഖിലോഷ് യാദവ് പറഞ്ഞു. ഗോരഖ്പൂരിലെ മഹാസഖ്യ സ്ഥാനാർത്ഥിയും നിഷാദ് സമുദായ നേതാവുമായ രാം ഭുവല്‍ നിഷാദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അഖിലേഷ്.

'ജനാധിപത്യത്തിന് അപകടകരമാണ് ബിജെപിയെന്ന് ലോകം പറയാൻ ആരംഭിച്ചു കഴിഞ്ഞു. ലോക പ്രശസ്തമായ മാഗസിൻ തന്നെ എഴുതിയിട്ടുണ്ട് ആരാണ് സമൂഹത്തെ വിഭജിച്ചതെന്ന്'- ടൈം മാഗസിനിലെ പുതിയ ലക്കത്തിലെ തലക്കെട്ടിൽ മോദിയെ ഇന്ത്യയുടെ വിഭജന നായകന്‍ എന്ന് രേഖപ്പെടുത്തിയത് ഉദ്ധരിച്ചുകൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു.

ബിജെപി അനുഭാവികൾ 'അച്ഛേ ദിൻ' നെ പറ്റിയാണ് സംസാരിക്കുന്നത്. പക്ഷേ അത് വന്നില്ല. ബിജെപിയുടെ അടിത്തറ വ്യാജവും വിദ്വേഷവും അടിസ്ഥാനമാക്കിയുള്ളതാണെന്നും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. തന്നെ ​ഗുണ്ടകളുടെ രാജാവെന്ന് വിളിച്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനെതിരെയും അഖിലേഷ് യാദവ് വിമർശനമുന്നയിച്ചു.

ഗുണ്ടകളുടെ തലവനാണെന്നാണ് യോ​ഗി തന്നെ വിളക്കുന്നതെന്നും അദ്ദേഹത്തിനും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്ക്കും എതിരെയുള്ള കേസുകളുടെ പകർപ്പ് അദ്ദേഹം കണ്ടില്ലെന്ന് തോന്നുന്നുവെന്നും അഖിലേഷ് പരിഹാസ രൂപേണ പറഞ്ഞു.

അസംഗര്‍ഹിലെ ബിജെപി റാലിയിൽ സംസാരിക്കവേയാണ് യോഗി ആദ്യനാഥ് അഖിലേഷ് യാദവ് ഗുണ്ടകളുടെ തലവനാണെന്ന് പറഞ്ഞത്. അഖിലേഷിനൊപ്പമുള്ള മായാവതി തെരഞ്ഞെടുപ്പ് ഫലം 23ന് വന്ന ശേഷം ഇത് മനസിലാക്കുമെന്നും ആദിത്യനാഥ് പറഞ്ഞിരുന്നു. എന്തൊക്കെ ചെയ്താലും ഗുണ്ടകളെ നിലയ്ക്കു നിര്‍ത്താന്‍ തനിക്കറിയാമെന്നും റാലിയില്‍ യോഗി അവകാശപ്പെട്ടു.