ഒരു വര്‍ഷം 25 ലക്ഷം രൂപയാണ് വിധാന്‍ സഭയുടെ പരിപാലനത്തിനായി മാത്രം സര്‍ക്കാര്‍ വിനിയോഗിക്കുന്നത്

ബംഗലൂരു: ഏലി ചത്തതിന്‍റെ നാറ്റം സഹിക്കാനാകാതെ കര്‍ണാടക വിധാന്‍സഭയില്‍ നടക്കേണ്ടിയിരുന്ന കൂടിക്കാഴ്ചകളെല്ലാം മുഖ്യമന്ത്രിയുടെ ചേംബറിലേക്ക് മാറ്റി യെദ്യൂരപ്പ. വിധാന്‍സഭയിലെ മീറ്റിംഗ് റൂമിലാണ് രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടത്. കഴിഞ്ഞ ദിവസം ഒരു മീറ്റിംഗിനെത്തിയപ്പോള്‍ മുഖ്യമന്ത്രി യെദ്യൂരപ്പ തന്നെയാണ് എലി ചത്ത നാറ്റം സഹിക്കാനാകില്ലെന്ന് വ്യക്തമാക്കി മീറ്റിംഗുകളെല്ലാം തന്‍റെ ചേംബറിലേക്ക് മാറ്റിയത്.

ഇറാനിയന്‍ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയതായിരുന്നു മുഖ്യമന്ത്രി. നാറ്റം സഹിക്കാനാകാതെ ജീവനക്കാരോട് രോഷത്തോടെ പ്രതികരിച്ച ശേഷമാണ് മുഖ്യമന്ത്രി യോഗസ്ഥലം തന്‍റെ ഓഫീസിലേക്ക് മാറ്റിയത്. വിധാന്‍സഭ ഇങ്ങനെയാണോ പരിപാലിക്കേണ്ടതെന്ന് ചോദിച്ച യെദ്യൂരപ്പ ജീവനക്കാരെ ശാസിക്കാനും മടികാട്ടിയില്ല. മീറ്റിംഗിനെത്തുന്നവര്‍ക്ക് എന്ത് അവമതിപ്പാകും തോന്നുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി സ്വന്തം വീട് നിങ്ങള്‍ വൃത്തിയാക്കാറില്ലേയെന്നും ആരാഞ്ഞു. വീട് വൃത്തിയാക്കാത്തതുപോലെയല്ല കര്‍ണാടക വിധാന്‍സഭയെന്ന് ഓര്‍ക്കണമെന്നും കൂട്ടിച്ചേര്‍ത്ത ശേഷമാണ് യെദ്യൂരപ്പ മടങ്ങിയത്.

ആരാണ് ഈ നാറ്റത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നും അദ്ദേഹം ചോദിച്ചു. വിധാന്‍സഭയുടെ പരിപാലനത്തില്‍ ഗുരുതരമായ വീഴ്ചവരുത്തിയതിന് വിശദീകരണം നല്‍കാനും മുഖ്യമന്ത്രി ആവസ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം 25 ലക്ഷം രൂപയാണ് വിധാന്‍ സഭയുടെ പരിപാലനത്തിനായി മാത്രം സര്‍ക്കാര്‍ വിനിയോഗിക്കുന്നത്.