ബെം​ഗളൂരു: കർണാടകത്തിൽ യെദിയൂരപ്പ സർക്കാർ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കും. പതിനേഴ് വിമത എംഎൽഎമാരും അയോഗ്യരായതോടെ കേവല ഭൂരിപക്ഷത്തിൽ എത്താൻ ബിജെപിക്ക് വെല്ലുവിളിയുണ്ടാകില്ല. കേവലഭൂരിപക്ഷത്തിന് വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്ക് ഉറപ്പാണ്. സ്വതന്ത്രൻ എച്ച് നാഗേഷും പ്രമേയത്തെ പിന്തുണച്ചേക്കും. ധനകാര്യ ബില്ലും ഇന്ന് മേശപ്പുറത്ത് വെക്കും.
 
സ്പീക്കർ കെ ആർ രമേഷ് കുമാറിനെ നീക്കാൻ ബിജെപി പ്രമേയം കൊണ്ടുവരാൻ സാധ്യതയുണ്ട്. ധനകാര്യ ബില്ലിൻമേലുളള നടപടിക്രമങ്ങൾ പൂർത്തിയായിക്കഴിഞ്ഞാൽ രാജിവക്കുമെന്ന സൂചന കെ ആർ രമേഷ് കുമാർ ഇന്നലെ നൽകിയിരുന്നു. അയോഗ്യത നടപടിക്കെതിരെ വിമത എംഎൽഎമാർ നൽകിയ ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിച്ചേക്കും. 

സ്പീക്കർ അയോഗ്യരാക്കിയ 13 വിമത എംഎൽഎമാരാണ് ഹർജിയുമായി സുപ്രീംകോടതിയിലെത്തിയിരിക്കുന്നത്. വിമത കോൺഗ്രസ് എംഎൽഎമാരായ രമേശ് ജാർക്കിഹോളി, മഹേഷ് കുമ്‍ടഹള്ളി, സ്വതന്ത്രനായ ആർ ശങ്കർ എന്നിവർ നേരത്തേ അയോഗ്യത ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. വ്യാഴാഴ്ചയാണ് ഇവരെ സ്പീക്കർ അയോഗ്യരാക്കിയത്.