ലക്നൗ: വൃക്കകളിലെ അണുബാധയെത്തുടർന്ന് മുംബൈ ആശുപത്രിയിൽ ഐസിയുവിൽ കഴിയുന്ന നടൻ അനുപം ശ്യാമിന് ചികിത്സാ സഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇരുപത് ലക്ഷം രൂപ അദ്ദേഹത്തിന് നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 
നില വഷളായതിനെ തുടർന്ന് നോർത്ത് മുംബൈയിലെ ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തെ ​ഗുർ​ഗാവോണിലെ ലൈഫ് ലൈൻ ഹോസ്പിറ്റലിലേക്ക് ഇദ്ദേഹത്തെ മാറ്റിയിരുന്നു. മൻ കി ആവാസ് പ്രതി​ഗ്യ എന്ന ടെലിവിഷൻ പരിപാടിയിലൂടെയും സ്ലം ​ഡോ​ഗ് മില്യണയർ, ബാൻഡിറ്റ് ക്വീൻ എന്നീ സിനിമകളിലൂടെയുമാണ് ശ്രദ്ധേയനായത്. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നാണ് ഇദ്ദേഹത്തിന് ചികിത്സാ സഹായം ലഭ്യമാക്കുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ ഔദ്യോ​ഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഇദ്ദേഹത്തിന് മികച്ച ചികിത്സ നേടാൻ സാധിക്കാതിരുന്നതെന്ന് കുടുംബം വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഒപ്പം സഹനടനായ മനോജ് ബാജ്പേയ് സഹായിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് നടന്റെ സഹോദരൻ അനുരാ​ഗ് വ്യക്തമാക്കി. 

മൂന്ന് പതിറ്റാണ്ടിലേറെയായി അനുപം ശ്യാം അഭിനയ മേഖലയിൽ പ്രവർത്തിക്കുന്നു. ല​ഗാൻ, ദിൽ സേ, ഹസാരോം, ക്വഷൈ ഐസി എന്നീ ചിത്രങ്ങളിലും അ​ദ്ദേഹം അഭിനയിച്ചിട്ടുണ്ട്.