ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ദില്ലിയിലെ ഷഹീൻബാ​ഗിലെ പ്രതിഷേധക്കാർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ബിരിയാണി നൽകുന്നു എന്ന പ്രസ്താവനയിൻ മേലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഇത്തരം പ്രസ്താവനകളിലൂടെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ് യോ​ഗി ആദിത്യനാഥ് ചെയ്തിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നു. ഫെബ്രുവരി എട്ടിനാണ് ദില്ലിയിൽ തെരഞ്ഞെടുപ്പ്. ഫെബ്രുവരി ഏഴിന് വൈകിട്ട് അഞ്ചുമണിക്കകം വിശദീകരണം നല്‍കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

കഴിഞ്ഞയാഴ്ച ദില്ലിയിലെ ബാദര്‍പുര്‍ നിയോജകമണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് യോഗി ആദിത്യനാഥ് പ്രസ്താവന നടത്തിയത്. ''ദില്ലിയിലെ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം നൽകാൻ പോലും ആംആദ്മി സർക്കാരിന് സാധിക്കുന്നില്ല. അവർ വിഷാംശം കലർന്ന വെള്ളമാണ് കുടിക്കുന്നത്. എന്നാൽ ഷഹീൻബാ​ഗിൽ പ്രതിഷേധിക്കുന്നവർക്ക് ആംആദ്മി സർക്കാർ ബിരിയാണിയാണ് നൽകുന്നത്.'' ഇതായിരുന്നു യോ​ഗി ആദിത്യനാഥ് പറഞ്ഞത്. കോൺ​ഗ്രസും കെജ്‍രിവാളും വിഭാ​ഗീയ ശക്തികളെ പിന്തുണയ്ക്കുന്നു എന്നും ആദിത്യനാഥ് വിമർശിച്ചിരുന്നു. ഭീകരവാദത്തോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് ബിജെപി സ്വീകരിച്ചിരിക്കുന്നതെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞിരുന്നു.