ലഖ്‌നൗ: ചൈനീസ് നിര്‍മ്മിത വൈദ്യുത മീറ്ററുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഉപഭോഗമില്ലാതിരിന്നിട്ടും വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയാണ് ചൈനീസ് മീറ്ററുകള്‍ ഒഴിവാക്കാന്‍ കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. എന്നാല്‍, അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് മീറ്ററുകള്‍ റദ്ദാക്കിയത്. സംസ്ഥാനത്താകെ ചൈനീസ് മീറ്ററുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ നിരോധിച്ചതായി വൈദ്യുതി വകുപ്പ് വക്താവ് വ്യക്തമാക്കി. സംസ്ഥാന വൈദ്യുതി വകുപ്പ് കഴിഞ്ഞ ഒരുവര്‍ഷമായി നല്‍കിയ ചൈനീസ് ഉപകരണങ്ങളുടെ ഓര്‍ഡറുകളുടെയും കരാറുകളുടെയും വിശദ വിവരങ്ങളും സംസ്ഥാന സര്‍ക്കാര്‍ തേടിയിട്ടുണ്ട്. 

ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ നടപടിയെ പ്രശംസിച്ച് ആള്‍ ഇന്ത്യ പവര്‍ എന്‍ജിനീയേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ശൈലേന്ദ്ര ദുബേ രംഗത്തെത്തി. ചൈനീസ് ഉപകരണങ്ങള്‍ക്ക് വില കുറവാണെങ്കിലും ഗുണമേന്മയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന് ആവശ്യമായ ഉപകരണങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരതില്‍ ഉള്‍പ്പെടുത്തി ഭെല്‍ നിര്‍മിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച യുപി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് ചൈനീസ് ആപ്പുകള്‍ ഒഴിവാക്കാന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.