ദില്ലി: പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ദില്ലിയിലെ ഷഹീൻ ബാഗിലെ സ്ത്രീകൾ നയിക്കുന്ന പ്രതിഷേധ കൂട്ടായ്മയെ നിശിതമായി പരിഹസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പുരുഷൻമാർ വീട്ടിലിരുന്ന ഉറങ്ങിയിട്ട്, സമരം നടത്താൻ സ്ത്രീകളെയും കുട്ടികളെയും തെരുവിലേക്ക് ഇറക്കിവിട്ടിരിക്കുകയാണ് എന്നായിരുന്നു ​യോ​ഗി ആദിത്യനാഥിന്റെ വാക്കുകൾ. ഉത്തർപ്രദേശിലെ കാൺപൂരിൽ പൗരത്വ നിയമ ഭേദ​ഗതി അനുകൂല റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു​ ‍യോ​ഗി ആദിത്യനാഥ്.

"അവർക്ക് (പുരുഷൻമാർക്ക്) പ്രതിഷേധത്തിൽ പങ്കെടുക്കാൻ ധൈര്യമില്ല. അവർ എന്താണ് ചെയ്തത്? അവർ അവരുടെ വീടുകളിലെ സ്ത്രീകളെയും കുട്ടികളെയും പ്രതിഷേധത്തിനായി റോഡിലിരുത്തിയിരിക്കുന്നു. പുരുഷൻമാർ വീട്ടിലിരുന്ന് ഉറങ്ങിയിട്ട് സ്ത്രീകളെ മുന്നോട്ട് തള്ളിവിടുന്നത് വലിയ കുറ്റമാണ്. വളരെ ലജ്ജാകരമായ സം​ഗതിയാണിത്. പൊതുമുതൽ നശിപ്പിച്ചാൽ അവരുടെ സ്വത്ത് പിടിച്ചെടുക്കുമെന്ന് അവർക്കറിയാം.'' ആദിത്യനാഥ് പറഞ്ഞു. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും സമാജ്‌വാദി പാർട്ടിയും ഇടതുപക്ഷവും സ്ത്രീകളെ പ്രതിഷേധത്തിൽ പങ്കെടുപ്പിക്കുന്നു എന്ന്  അദ്ദേഹം ആരോപിച്ചു.

"സ്ത്രീകളെ മുൻനിരയിൽ നിർത്തി അവർ തന്ത്രപരമായി മുന്നോട്ട് നീങ്ങുകയാണ്. പൗരത്വ നിയമ ഭേദ​ഗതി എന്താണെന്ന് അറിയാത്തവരാണ് കുത്തിയിരിപ്പ് സമരം നടത്തുന്നത്. പ്രതിപക്ഷം പറയുന്നത് വീട്ടിലിരിക്കുന്ന പുരുഷൻമാർ അയോ​ഗ്യരാണെന്നും അതിനാൽ സ്ത്രീകൾ സമരത്തിൽ പങ്കെടുക്കണമെന്നുമാണ്.'' അമിത്ഷായുടെ വാക്കുകൾ ഉദ്ധരിച്ച് രാജ്യമല്ല ഇവർക്ക് പ്രധാനമെന്നും യോ​ഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു. നാല്പത് ദിവസമായി ഷഹിൻബാ​ഗിൽ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തിൽ സ്ത്രീകളും സാന്നിദ്ധ്യം ഓരോ ദിവസവും വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. 

എന്നാൽ പുരുഷൻമാരും ഈ സമരത്തിൽ എത്തിച്ചേരുന്നുണ്ട്. ''എനിക്ക് എല്ലാ ദിവസവും എന്റെ ജോലിക്ക് പോകേണ്ടതിനാൽ പ്രതിഷേധത്തിൽ കൂടുതൽ സംഭാവന നൽകാൻ കഴിയില്ല.'' 52 വയസുള്ള ഖാലിദ് ജമാൽ സിദ്ദിഖി എൻ‌ഡി‌ടി‌വിയോട് പറഞ്ഞു. പ്രതിഷേധത്തിൽ പങ്കെടുക്കുന്ന  മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടന്ന പ്രതിഷേധത്തിനിടെ 21 പേ​രാണ് മരിച്ചത്. 

ഷഹീൻ ബാഗ് പ്രതിഷേധത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലഖ്‌നൗവിലെ ക്ലോക്ക് ടവറിലും സ്ത്രീകൾ സമരം സംഘടിപ്പിച്ചിരുന്നു. അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മാർച്ച് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടയിൽ പോലീസുകാർ ബൈക്കുകൾ തകർക്കുന്നതും കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.