നാസിക്: സുഹൃത്തിന്‍റെ പിറന്നാള്‍ ആഘോഷത്തിനായി ഒകുകൂട്ടം യുവാക്കള്‍ തിരഞ്ഞെടുത്ത സ്ഥലം കണ്ട് അമ്പരന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ചന്ദോരി ​ഗ്രാമം. ശുഭകാര്യങ്ങൾ നടത്താൻ അനുയോജ്യമല്ലാത്ത സ്ഥലമായി ഗ്രാമവാസികള്‍ കണക്കാക്കുന്ന ശ്മശാനമാണ് ആഘോഷരാവിനായി യുവാക്കള്‍ കണ്ടെത്തിയത്.

ശനിയാഴ്ചയായിരുന്നു സോമനാഥിന്റെ 25ാം പിറന്നാൾ. സുഹൃത്തിന്റെ പിറന്നാൾ ആഘോഷിക്കുന്നതിന് തികച്ചും വ്യത്യസ്തമായിട്ടുള്ളൊരു സ്ഥലം വേണമെന്ന് ഒരുകൂട്ടം ചെറുപ്പക്കാൻ തീരുമാനിക്കുകയായിരുന്നു. കുറെ അന്വേഷിച്ചപ്പോഴാണ് നാട്ടിലെ ശ്മശാനം ഓർമ്മവന്നത്. പിന്നൊന്നും നോക്കിയില്ല. നേരെ സർപ്രൈസുണ്ടെന്നും പറഞ്ഞ് പിറന്നാളിന്റെ അന്ന് രാത്രി പിറന്നാളുകാരനെയും കൂട്ടി മറ്റ് സുഹൃത്തുക്കൾ ശ്മശാനത്തിലെത്തുകയായിരുന്നു.

ശ്മശാനത്തിലെത്തിയ യുവാക്കൾ കേക്ക് മുറിച്ചും ആർത്തുവിളിച്ചും പിറന്നാൾ ആഘോഷം പൊടിപ്പൊടിച്ചു. സുഹൃത്തുക്കൾ‌ നൽകിയ സർപ്രൈസ് പാർട്ടിയിൽ സോമനാഥ് വളരെയ​ധികം സന്തോഷവാനായിരുന്നു. എന്നാൽ, അർദ്ധരാത്രി ശ്മശാനത്തിലെത്തി ഒരുകൂട്ടം ചെറുപ്പക്കാർ പിറന്നാൾ ആഘോഷിച്ചത് നാട്ടുകാർ‌ക്ക് ഇതുവരെ ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല.കാരണമെന്തെന്നാൽ, അന്തകാരശക്തികൾ‌ കുടിയേറിയിരിക്കുന്ന ശ്മശാനമാണിതെന്നാണ് നാട്ടുകാർ വിശ്വസിക്കുന്നത്.

ചന്ദേരിയിലെ ശ്മശാനത്തെ ചുറ്റിപ്പറ്റി പേടിപ്പെടുത്തുന്ന നിരവധി കെട്ടുക്കഥകളും അന്ധവിശ്വാസങ്ങളും ഉണ്ടെന്നും നാട്ടുകാർ പറയുന്നു. അതേസമയം, ഇത്തരം അന്ധവിശ്വാസങ്ങൾ മാറുന്നതിന് ശ്മശാനത്തിൽ വച്ച് നടത്തിയ തന്റെ പിറന്നാൾ ആഘോഷം സഹായിക്കുമെന്നാണ് സേമനാഥിന്റെ പ്രതികരണം. പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും യുവാക്കൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടിണ്ട്.