വ്യവസായിയെ ബ്ലാക്ക് മെയിൽ ചെയ്ത് 2.77 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ യൂത്ത് കോൺഗ്രസ് നേതാവും കൂട്ടാളിയും അറസ്റ്റിലായി. സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ചും വ്യാജ കുറിപ്പ് കാണിച്ചു രണ്ട് വർഷത്തോളമാണ് ഇവർ പണം തട്ടിയത്. 'മരിച്ച' യാളെ വ്യവസായി നേരിൽ കണ്ടതോടെയാണ് തട്ടിപ്പ് പുറത്തായത്.

മംഗളൂരു: വ്യവസായിയെ പല കാരണങ്ങൾ പറഞ്ഞ് ബ്ലാക്ക് മെയിൽ ചെയ്ത് രണ്ട് വർഷത്തിനിടെ 2.77 കോടി രൂപ തട്ടിയെടുത്തെന്ന കേസിൽ യൂത്ത് കോൺഗ്രസ് ഭാരവാഹിയും കൂട്ടാളിയും അറസ്റ്റിലായി. ദക്ഷിണ കന്നഡയിലെ യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി നിസാം ഇബ്രാഹിം, ഇയാളുടെ കൂട്ടാളി ജിതേഷ് എന്നിവരെയാണ് ഉർവ പൊലീസ് അറസ്റ്റ് ചെയ്തത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന വ്യവസായിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യവസായിയുടെയും അദ്ദേഹത്തിന്‍റെ ബന്ധമുണ്ടായിരുന്ന സ്ത്രീയുടെയും സ്വകാര്യ ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ജിതേഷ്, അവ കാണിച്ച് നിരന്തരം ബ്ലാക്ക്‌മെയിൽ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആവശ്യപ്പെടുന്ന പണം നൽകിയില്ലെങ്കിൽ ഈ ദൃശ്യങ്ങൾ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും അയച്ചു കൊടുക്കുമെന്നായിരുന്നു ഭീഷണി. കുടുംബത്തിനും സമൂഹത്തിനും മുന്നിൽ അപമാനിതനാകുമോ എന്ന ഭയത്താൽ വ്യവസായി പ്രതികൾ ആവശ്യപ്പെട്ട പണം ആദ്യ ഘട്ടത്തിൽ നൽകിയെന്ന് പൊലീസ് പറയുന്നു. വ്യവസായിയിൽ നിന്ന് പണം തട്ടിയ കാര്യം ജിതേഷ് നിസാമിനോട് പറഞ്ഞു. പിന്നീട് ഇരുവരും ചേർന്ന് പുതിയ തന്ത്രം മെനയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ജിതേഷ് ജീവനൊടുക്കിയെന്നും അതിന് ഉത്തരവാദി വ്യവസായി ആണെന്ന് എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും നിസാം വ്യവസായിയെ വിശ്വസിപ്പിച്ചു. വ്യാജ കുറിപ്പ് കാണിച്ച്, കേസിൽ നിന്ന് ഒഴിവാക്കാനും അറസ്റ്റ് തടയാനും എന്ന പേരിൽ വീണ്ടും വ്യവസായിയിൽ നിന്ന് പണം തട്ടാൻ തുടങ്ങി. നിയമ നടപടികളും ജയിൽവാസവും ഭയന്ന വ്യവസായി 2024 മുതൽ പണം നൽകിക്കൊണ്ടിരുന്നു. ഇത്തരത്തിൽ പലതവണയായി ആകെ 2.77 കോടി രൂപയാണ് വ്യവസായിൽ നിന്ന് തട്ടിയെടുത്തത്.

എന്നാൽ 'ജീവനൊടുക്കിയ' ജിതേഷിനെ കഴിഞ്ഞ ദിവസം മംഗളൂരുവിൽ വെച്ച് വ്യവസായി നേരിൽ കണ്ടു. ജിതേഷ് ജീവനോടെയുണ്ടെന്ന് മനസിലാക്കിയതോടെ തന്നെ അതിവിദഗ്ധമായി പറ്റിക്കപ്പെടുകയായിരുന്നുവെന്ന് വ്യവസായിക്ക് ബോധ്യപ്പെട്ടു. ഇതേത്തുടർന്ന് വ്യവസായി ഉടനടി ഉർവ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയുമായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളായ നിസാമിനെയും ജിതേഷിനെയും അറസ്റ്റ് ചെയ്തു. രണ്ട് വർഷം നീണ്ട ബ്ലാക്ക് മെയിലിന് പിന്നിൽ മറ്റാരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോ എന്നും പ്രതികൾ സമാനമായ രീതിയിൽ മറ്റ് ആളുകളെയും കെണിയിൽ വീഴ്ത്തിയിട്ടുണ്ടോ എന്നെല്ലാം പൊലീസ് അന്വേഷിക്കുകയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇതോടെ ദക്ഷിണ കന്നഡ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നിസാം ഇബ്രാഹിമിനെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കി.