ഭുവനേശ്വര്‍ : സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയില്‍ മനം മടുത്ത് നിയമസഭയ്ക്ക് മുന്നില്‍ അമ്മയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി യുവാവ്.  ഒഡിഷയിലെ ഭുവനേശ്വറില്‍ വ്യാഴാഴ്ചയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. നയാഗര്‍ സ്വദേശിയായ യുവാവാണ് ഒഡിഷ നിയമ സഭയ്ക്ക് മുന്നിലെ റോഡില്‍ അമ്മയെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി എത്തിയത്.

ബിജെഡി സര്‍ക്കാരിലെ ചില മന്ത്രിമാരുടെ പേരുകള്‍ വിളിച്ച് പറഞ്ഞുകൊണ്ടായിരുന്നു യുവാവ് അമ്മയെ കഴുത്തില്‍ കത്തിവച്ച് വധഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്നയാളാണ് യുവാവെന്നാണ് അമ്മയുടെ പ്രതികരണം. മകനെ ആശുപത്രിയിലേക്ക് ഓട്ടോയില്‍ കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം.

സെക്രട്ടേറിയറ്റ് മാര്‍ഗിലെ നിയമസഭാ മന്ദിരത്തിന് മുന്നിലെ റോഡില്‍ ഗതാഗതക്കുരുക്കുണ്ടായത് മൂലം വാഹനങ്ങള്‍ വേഗത കുറച്ചായിരുന്നു നീങ്ങിയത്. നിയമസഭയ്ക്ക് മുന്നിലെത്തിയതോടെ യുവാവ് അമ്മയേയും വലിച്ച് കൊണ്ട് ഓട്ടോയില്‍ നിന്ന് പുറത്തേക്ക് ചാടുകയായിരുന്നു. നിലത്ത് വീണ ഉടനേ ബാഗില്‍ നിന്ന് കത്തിയെടുത്ത് സ്ത്രീയുടെ കഴുത്തില്‍ വച്ച് ഭീഷണി ആരംഭിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച ശേഷം നിരവധി മന്ത്രിമാര്‍ അഴിമതിക്കാരാണെന്നും യുവാവ് ആരോപിച്ചു. ഇതോടെ റോഡില്‍ ആളുകള്‍ കൂടി. എന്നാല്‍ തക്ക സമയത്ത് പൊലീസ് ഇടപെട്ടതുകൊണ്ട് ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല. പൊലീസ് യുവാവിനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി.