ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസ് ഉടൻ തന്നെ കേന്ദ്ര ഏജൻസിക്ക് ഔദ്യോഗികമായി കത്ത് നൽകും. തട്ടിപ്പിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ സംസ്ഥാന പോലീസിന്റെ അന്വേഷണം മാത്രം പോരാ എന്ന വിലയിരുത്തലിലാണ് യോഗി സർക്കാർ.
ലഖ്‌നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ രാമക്ഷേത്രക്കൊള്ള കേസിൽ നിർണായക തിരിവ്. കേസിന്റെ പണമിടപാടുകളിലെ വൻ അഴിമതി പുറത്തുകൊണ്ടുവരാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എത്തിയേക്കും. ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഉത്തർപ്രദേശ് പോലീസ് ഉടൻ തന്നെ കേന്ദ്ര ഏജൻസിക്ക് ഔദ്യോഗികമായി കത്ത് നൽകും.കോടിക്കണക്കിന് രൂപയും മൂല്യം തിട്ടപ്പെടുത്താൻ കഴിയാത്തത്ര വിലപിടിപ്പുള്ള ആഭരണങ്ങളും ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട സാഹചര്യത്തിലാണ് യുപി പോലീസ് കേന്ദ്ര ഏജൻസിയുടെ സഹായം തേടുന്നത്. തട്ടിപ്പിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെല്ലാൻ സംസ്ഥാന പോലീസിന്റെ അന്വേഷണം മാത്രം പോരാ എന്ന വിലയിരുത്തലിലാണ് യോഗി സർക്കാർ. കേസ് സിബിഐയോ ഇഡിയോ അന്വേഷിക്കണമെന്ന് പ്രതിപക്ഷവും ശക്തമായി ആവശ്യപ്പെട്ടിരുന്നു.
അതേസമയം, കേസ് അന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘത്തിന് അന്വേഷണം പൂർത്തിയാക്കാൻ ഉത്തർപ്രദേശ് സർക്കാർ 15 ദിവസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയെന്നാവര്‍ത്തിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിശ്വാസത്തിന് മുറിവേല്‍പിച്ച ഒരാളെ പോലും വെറുതെ വിടില്ലെന്നും വ്യക്തമാക്കി
കേസിലെ പ്രധാന പ്രതികളിലൊരാളായ അവിനാശ് ശുക്ലയെ കേന്ദ്രീകരിച്ച് നടത്തുന്ന അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ച സ്വർണം വിറ്റഴിച്ചെന്ന നിഗമനത്തിൽ ശുക്ലയുടെ ജന്മനാടായ പ്രതാപ്‌ഗഡിലെ പ്രമുഖ ആഭരണശാലകളിൽ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. ജൂൺ 5-ന് അവിനാശ് ശുക്ലയുടെ വീട്ടിൽ നിന്ന് 20 ലക്ഷം രൂപയടങ്ങിയ ബാഗ് പോലീസും ട്രസ്റ്റ് ഭാരവാഹികളും ചേർന്ന് പിടിച്ചെടുക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. അയോധ്യയിൽ ശുക്ല താമസിച്ചിരുന്ന മുറിയിൽ നിന്ന് പണം സൂക്ഷിക്കുന്ന വലിയ പെട്ടികളും കണ്ടെടുത്തു. ക്ഷേത്രത്തിലേക്ക് ഭക്തർ സംഭാവന നൽകേണ്ട ക്യുആർ കോഡ് ഈ പെട്ടികളിൽ പതിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ട്രസ്റ്റ് ചെയർമാൻ്റെ ആരോഗ്യനില ഗുരുതരം
അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ചെയർമാനായ നൃത്യ ഗോപാൽ ദാസിനെ (89) ആരോഗ്യനില വഷളായതിനെ തുടർന്ന് ലഖ്‌നൗവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 29-ന് ഉച്ചയ്ക്ക് അബോധാവസ്ഥയിലായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മറ്റ് ട്രസ്റ്റ് അംഗങ്ങളും ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. രാമക്ഷേത്ര നിർമ്മാണം മുതൽ ട്രസ്റ്റിന്റെ അമരക്കാരനായിരുന്നെങ്കിലും ദൈനംദിന കാര്യങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നില്ല. എന്നാൽ, ലക്ഷക്കണക്കിന് ഭക്തരുടെ വികാരമായ രാമക്ഷേത്രത്തിൽ നടന്ന വൻ കൊള്ളയെക്കുറിച്ചുള്ള വാർത്തകൾ അദ്ദേഹത്തെ മാനസികമായി കടുത്ത സമ്മർദ്ദത്തിലാഴ്ത്തിയിരുന്നതായി ട്രസ്റ്റ് അധികൃതർ സൂചിപ്പിച്ചു.



