പാകിസ്ഥാനുള്ളില്‍ കയറി ഇന്ത്യ നടത്തിയ ആക്രമണത്തോട് പാക് സൈന്യം എങ്ങനെ പ്രതികരിക്കും എന്ന് നിരീക്ഷിക്കുകയാണ് ഇന്ത്യ. ഭീകര ക്യാമ്പുകള്‍ക്കും പാക് സൈനിക കേന്ദ്രങ്ങള്‍ക്കും കനത്ത നഷ്‌ടമുണ്ടാക്കി എന്നാണ് ഇന്നലെ കരസേന വ്യക്തമാക്കിയത്. പാകിസ്ഥാന്‍ ഇത് നിഷേധിച്ചെങ്കിലും ആക്രമണത്തിന്റെ ദൃശ്യങ്ങളുണ്ടെണ് ഇന്ത്യ വ്യക്തമാക്കിയിരുന്നു. അതിനാല്‍ പാക് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലല്ല്ലാത്ത കരസേന എങ്ങനെ പ്രതികരിക്കും എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഈ സാഹചര്യത്തില്‍ ശക്തമായ നിരീക്ഷണമാണ് അതിര്‍ത്തിയിലെങ്ങും. പഞ്ചാബ് അതിര്‍ത്തിയിലെയും ജമ്മുകശ്‍മീര്‍ അതിര്‍ത്തിയിലെയും ഗ്രാമങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. രാജസ്ഥാന്‍ ഗുജറാത്ത് സര്‍ക്കാരുകള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്കിയിരുന്നു. അതിര്‍ത്തിയിലെ സേനാ സാന്നിധ്യം കൂട്ടിയിട്ടുണ്ട്. 

വ്യോമസേനയും ഏതു സാഹചര്യവും നേരിടാന്‍ തയ്യാറായി നില്‌ക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അജിത് ഡോവല്‍ ഉള്‍പ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി സ്ഥിതി വിലയിരുത്തും. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യ നടത്തിയ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ആക്രമണത്തില്‍ രണ്ട് സൈനികരേ കൊല്ലപ്പെട്ടുള്ളു എന്ന നിലപാടില്‍ പാകിസ്ഥാന്‍ ഉറച്ചു നില്‌ക്കുകയാണ്. ഒപ്പം ഒരു ഇന്ത്യന്‍ സൈനികനെ പിടികൂടി എന്നതുള്‍പ്പെടെയുള്ള കഥകളും പാക് മാധ്യമങ്ങളില്‍ പരക്കുന്നുണ്ട്. പാകിസ്ഥാന്‍ കള്ളകഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് ഉന്നതവൃത്തങ്ങള്‍ പറഞ്ഞു.