ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ, വ്യോമയാന മേഖലയിലെ കുത്തക തകർക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ രണ്ട് പുതിയ എയർലൈനുകൾക്ക് എൻഒസി അനുവദിച്ചു.
വ്യോമയാന മേഖലയെ ഒന്നാകെ പിടിച്ചുലച്ച ഇൻഡിഗോ പ്രതിസന്ധിക്ക് പിന്നാലെ രാജ്യത്ത് രണ്ട് എയർലൈനുകൾക്ക് എൻഒസി അനുവദിച്ച് കേന്ദ്രം. അൽഹിന്ദ് എയർ, ഫ്ലൈ എക്സ്പ്രസ് എന്നീ കമ്പനികൾക്കാണ് സർക്കാർ എൻഒസി നൽകിയിരിക്കുന്നത്. വ്യോമയാന മേഖലയിലെ കുത്തക ഒഴിവാക്കാനാണ് നീക്കമെന്നാണ് വിലയിരുത്തൽ.
കേരളം ആസ്ഥാനമായുള്ള അൽഹിന്ദ് ഗ്രൂപ്പിന്റെ സംരംഭമാണ് 'അൽ ഹിന്ദ് എയർ. പുതിയ കമ്പനികൾ വരുന്നതോടെ യാത്രക്കാർക്ക് കൂടുതൽ ഓപ്ഷനുകൾ ലഭിക്കാനും വിമാന നിരക്ക് കുറയാനും സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന വ്യോമയാന വിപണിയായ ഇന്ത്യയിൽ നിലവിലുള്ള മത്സരമില്ലായ്മ പരിഹരിക്കാനാണ് ഈ നീക്കം.
ഇന്ത്യൻ വ്യോമയാന വിപണിയിൽ ഏകദേശം 65% വിപണി വിഹിതവുമായി ഇൻഡിഗോ ആണ് മുന്നിലുള്ളത്. തൊട്ടുപിന്നാലെയുള്ളയുള്ള എയർ ഇന്ത്യ ഗ്രൂപ്പിന് ഏതാണ്ട് 27% വിഹിതമാണുള്ളത്. ബാക്കിയുള്ളത് ചെറിയ വിമാനക്കമ്പനികളുടേതാണ്. അതായത് ഇൻഡിഗോയുടെയും എയർ ഇന്ത്യയുടെയും ആധിപത്യം ഇന്ത്യൻ ആകാശത്ത് ഏതാണ്ട് 92% വരും. അതുകൊണ്ട് തന്നെ പുതിയ കമ്പനികളുടെ വരവ് ഈ മേഖലയിൽ കൂടുതൽ മത്സരമുണ്ടാക്കാൻ സഹായിക്കും.
ട്രാവൽ ആന്റ് ടൂർ മാനേജ്മെന്റ് രംഗത്ത് മുൻനിരയിലുള്ള കമ്പനിയാണ് അൽഹിന്ദ് ഗ്രൂപ്പ്. വ്യോമയാന രംഗത്തേക്കുള്ള അൽഹിന്ദിന്റെ ആദ്യ ചുവടുവെപ്പാണ് ഇത്. പ്രാദേശിക സർവ്വീസായിട്ടാവും കമ്പനി പ്രവർത്തനം ആരംഭിക്കുക. കാര്യക്ഷമവും വിശ്വസനീയവുമായ ആഭ്യന്തര യാത്ര ഉറപ്പാക്കുകയാണ് അൽഹിന്ദ് എയറിന്റെ ലക്ഷ്യം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ചാവും അൽഹിന്ദിന്റെ പ്രവർത്തനം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പ്രാദേശിക സർവീസും ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവ്വീസുമാകും തുടക്കത്തിലുണ്ടാവുക.
എ.ടി.ആർ ടർബോപ്രോപ്പ് വിമാനങ്ങൾ ഉപയോഗിച്ച് ദക്ഷിണേന്ത്യയിൽ സർവീസ് ആരംഭിക്കാനാണ് അൽഹിന്ദ് ലക്ഷ്യമിടുന്നത്. നിലവിൽ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. ഫ്ലൈ എക്സ്പ്രസും പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികളിലാണ്. തെലങ്കാന ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് ഫ്ലൈ എക്സ്പ്രസ് എന്നാണ് വിവരം. ലോജിസ്റ്റിക്, കൊറിയർ, കാർഗോ മേഖലകളിൽ മുൻ പരിചയമുള്ള പ്രൊമോട്ടർമാരാണ് കമ്പനിയുടെ പിന്നാമ്പുറത്തുള്ളത്. ഉത്തർപ്രദേശ് ആസ്ഥാനമായുള്ള ഷാങ്ക് എയറിന് നേരത്തെ അനുമതി ലഭിച്ചിരുന്നു. ഒരു ഫുൾ സർവീസ് എയർലൈനായിട്ടാവും ഷാങ്ക് എയർ പ്രവർത്തിക്കുക. നോയിഡ ഇന്റർനാഷണൽ എയർപോട്ട് കേന്ദ്രീകരിച്ചാവും ഇവരുടെ പ്രധാന പ്രവർത്തനങ്ങൾ.
2020 മുതൽ ഇതുവരെ പ്രാദേശിക വിമാന കമ്പനികൾ ഉൾപ്പെടെ ആറ് ഓപ്പറേറ്റർമാർക്ക് രാജ്യത്ത് സർവീസ് ആരംഭിക്കാൻ അനുമതി നൽകിയിരുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, അലയൻസ് എയർ എന്നിവയ്ക്ക് പുറമേ ആകാശ എയർ, സ്പൈസ് ജെറ്റ്, സ്റ്റാർ എയർ, ഫ്ലൈ 91, ഇന്ത്യ വൺ എയർ എന്നിവയാണ് നിലവിൽ സർവീസ് നടത്തുന്ന വിമാന കമ്പനികൾ.


