Asianet News MalayalamAsianet News Malayalam

അഫ്ഗാനിസ്ഥാനിൽ കീഴടങ്ങിയ 900 അംഗ ഐഎസ് ഭീകരസംഘത്തിൽ 10 ഇന്ത്യക്കാർ; ഏറെയും മലയാളികൾ?

ദേശീയ മാധ്യമമായ 'ഹിന്ദുസ്ഥാൻ ടൈംസ്', 900 അംഗ ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘത്തിൽ പത്ത് ഇന്ത്യക്കാരാണുള്ളതെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതിലേറെയും മലയാളികളാണെന്നും ദേശീയമാധ്യമങ്ങൾ.

10 Indians among 900 ISIS affiliates surrendering in Afghanistan
Author
Nangarhar, First Published Nov 26, 2019, 12:09 AM IST

ദില്ലി/കാബൂൾ: ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായ ഭീകരവാദികളും കുടുംബങ്ങളും അഫ്ഗാനിസ്ഥാനിലെ നങ്ഗർഹർ പ്രവിശ്യയിൽ അഫ്ഗാൻ സുരക്ഷാസേനയ്ക്ക് മുമ്പാകെ കീഴടങ്ങിയതായി ദേശീയ മാധ്യമങ്ങൾ. 900 പേരടങ്ങുന്ന സംഘമാണ് രണ്ടാഴ്ച മുമ്പ് കീഴടങ്ങിയത്. സംഘത്തിൽ 10 ഇന്ത്യക്കാരുണ്ടെന്ന് ദേശീയമാധ്യമമായ 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. 

ഭീകരവാദികൾ താവളമുറപ്പിച്ചിരുന്ന അഫ്ഗാനിസ്ഥാന്‍റെ കിഴക്കൻ പ്രവിശ്യയായ നങ്ഗർഹറിൽ അഫ്ഗാൻ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനെത്തുടർന്നായിരുന്നു കീഴടങ്ങൽ. നവംബർ 12-ന് ഓപ്പറേഷൻ തുടങ്ങി മണിക്കൂറുകൾക്കകം 93 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികൾ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചു. ഇതിൽ 13 പാക് പൗരൻമാരുമുണ്ടായിരുന്നു. എല്ലാവരും ആയുധം വച്ച് കീഴടങ്ങി.

കീഴടങ്ങിയവരിൽ 10 ഇന്ത്യക്കാരുണ്ടെന്ന് ദേശീയമാധ്യമങ്ങൾ പറയുന്നു. ഇതിൽ സ്ത്രീകളും കുട്ടികളുമുണ്ട്. ഇന്ത്യയിൽ നിന്ന് ഐഎസ്സിൽ ചേരാൻ പോയ മലയാളികളാണ് ഇതിൽ ഭൂരിഭാഗവും എന്നും റിപ്പോർട്ടുകളുണ്ട്. എത്ര പേരാണ് മലയാളികൾ എന്നതിനെക്കുറിച്ച് വ്യക്തമായ വിവരമില്ല. ഈ പത്ത് പേരെയും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്ക് മാറ്റിയതായാണ് വിവരം. അഫ്ഗാൻ ദേശീയ സുരക്ഷാ ഏജൻസിയും, ഇന്‍റലിജൻസ് ഏജൻസികളും ഇവരിൽ നിന്ന് വിവരങ്ങളെടുത്തുകൊണ്ടിരിക്കുകയാണ്.

''ഓരോരുത്തരെയും വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. ഈ പ്രക്രിയ അവസാനിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ തരാനാകൂ'', എന്ന് ഒരു അഫ്ഗാൻ ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു. അഫ്ഗാനിലെ നങ്ഗർഹർ പ്രവിശ്യയിൽ അഫ്ഗാൻ സേന നടത്തിയ ആക്രമണത്തിൽ ചില ഇന്ത്യൻ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളും കൊല്ലപ്പെട്ടതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു. 

2016-ലാണ് കാസർകോട് പടന്നയിൽ നിന്നടക്കം ഒരു സംഘം സ്ത്രീകളും പുരുഷൻമാരുമടക്കമുള്ളവർ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാനായി യാത്ര തിരിച്ചത്. ചിലർ ഇസ്ലാം മതത്തിലേക്ക് മാറിയ ശേഷമാണ് കുടുംബമായി സിറിയയിലേക്ക് പോയത്. 

Follow Us:
Download App:
  • android
  • ios